കണ്ണൂർ: നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ 5895 കോടി വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകനസമിതി. 2725 കോടി കാർഷികവായ്പയുൾപെടെ 4033 കോടി രൂപയും മുൻഗണന വായ്പാവിഭാഗത്തിലാണ് വിതരണം ചെയ്തിട്ടുള്ളത്.
സിൻഡിക്കേറ്റ് ബാങ്ക് റിജിയണൽ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാകളക്ടർ ടി.വി.സുഭാഷിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.
ജില്ലയിലെ ബാങ്കുകളിൽ നിലവിലുള്ള മൊത്തം വായ്പ 12ശതമാനം വളർച്ചയോടെ 29536 കോടിയിലെത്തി.ബാങ്ക് നിക്ഷേപം 22ശതമാനം വാർഷിക വളർച്ചയിൽ 45144 കോടിയിലുമെത്തി. ജില്ലയിലെ വിവിധ ബാങ്കുകളിലെ പ്രവാസിനിക്ഷേപം 13429 കോടി രൂപയാണ്. മുദ്രാ യോജനയിൽ 58339 പേർക്കായി 501കോടി നിലവിൽ വായ്പ നൽകിയിട്ടുണ്ടെന്നും ജില്ലാ ലീഡ് ബാങ്ക് മാനേജർ ഫ്രോണി ജോൺ അറിയിച്ചു. 13734 കോടി രൂപയുടെ പദ്ധതിയാണ് അടുത്ത സാമ്പത്തിക വർഷത്തിലേക്കായി നബാർഡ് ജി്ല്ലയിൽ വിഭാവനം ചെയ്തിട്ടുള്ളത്.
സിൻഡിക്കേറ്റ് ബാങ്ക് റീജിയണൽ ഓഫീസർ ഇന്ദുശ്രീ മുഖ്യപ്രഭാഷണം നടത്തി. റിസർവ് ബാങ്ക് ജില്ലാ ലീഡ് ഓഫീസർ പി.വി.മനോഹരൻ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തി. നബാർഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജർ കെ.വി.മനോജ് കുമാർ മുൻഗണനാവിഭാഗത്തിൽ പെട്ട വായ്പാവിതരണം വിലയിരുത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ ഫ്രോണി ജോൺ സ്വാഗതവും ലീഡ് ബാങ്ക് ഓഫീസർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.