മട്ടന്നൂർ:കോളാരി വില്ലേജ് ഓഫീസിൽ ഓഫീസറില്ലാത്തതിനാൽ പ്രവർത്തനം അവതാളത്തിൽ. നിലവിലുള്ള ഓഫീസർ അവധിയിൽ പോയതോടെ ആവശ്യത്തിന് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ലഭിക്കാതെ വന്നതോടെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. വില്ലേജ് ഓഫീസർ ഒരു മാസത്തെ അവധിയിൽ പോയതോടെ നാലുപേർ മാത്രമാണുള്ളത്. ഇതിൽ ഒരാൾ നികുതി അടക്കുന്നതിന് മാത്രമാണ്. സ്പെഷ്യൽ വില്ലേജർക്കാണ് ചുമതല നൽകിയിരിക്കുന്നത്. നികുതി അടവ്, സർവേ പ്ലാൻ, പട്ടയം, ഭൂമിയുടെ റിപ്പോർട്ട് തയാറാക്കൽ, കെട്ടിടം അളക്കൽ, നോട്ടീസ് നൽകൽ തുടങ്ങിയ നിരവധി ജോലി ഓഫീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നിരിക്കെ വില്ലേജ് ഓഫീസറുടെ അധിക ചുമതല ഒരു സ്റ്റാഫിന് നൽകിയതിനാൻ മിക്ക ഫയലുകളും നീങ്ങാത്ത അവസ്ഥയുണ്ട്.
രണ്ടു വില്ലേജിനേക്കാൾ ഏരിയ കോളാരി വില്ലേജിലുണ്ടെങ്കിലും ഒരു ഓഫീസിന് വേണ്ട സ്റ്റാഫ് മാത്രമാണ് ഇവിടെയുള്ളു. ഓഫീസറില്ലാത്തതിനാൽ പട്ടയം ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ബാങ്ക് വായ്പ അടക്കമുള്ള ആവശ്യത്തിന് പട്ടയം ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.