ചെറുവത്തൂർ: ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ എഴുത്തിനെയും എഴുത്തുകാരെയും ഭയപ്പെടുന്നവരാണെന്ന് പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദൻ പറഞ്ഞു. അച്ചാംതുരുത്തിയിൽ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച യുവസാഹിത്യകാരന്മാർക്കുള്ള ദ്വിദിന സാഹിത്യ ശില്പശാല 'എഴുത്തുകൂട്ട'ത്തിലെ അംഗങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലറുടെ നിഴൽ ഇന്ത്യൻ സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും ആരോ അപഹരിച്ചു കൊണ്ടുപോവുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനുള്ള ആയുധമായി എഴുത്തിനെ മാറ്റണം. സാഹിത്യകാരന്മാർക്ക് ഏറ്റവുമധികം ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എഴുതാനും ജീവിക്കാനും പറ്റുന്ന ദേശമാണ് കേരളം. മതേതരത്വവും ജനാധിപത്യവും ചവുട്ടിമെതിക്കപ്പെടുമ്പോൾ പ്രതിഷേധത്തിന്റെ കനത്ത ശബ്ദമുയർത്താൻ പുതിയ എഴുത്തുകാർക്ക് സാധിക്കണം - മുകുന്ദൻ പറഞ്ഞു.