കാഞ്ഞങ്ങാട്: ഏഴുനൂറ്റാണ്ടിനു ശേഷം പെരുങ്കളിയാട്ടം നടക്കുന്ന പെരിയ കല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിൽ ഇന്ന് കൊടിയേറ്റ്. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ നിന്നു വെളുപ്പിനു 5.45 നു ദീപയും തിരിയും ഏറ്റുവാങ്ങി കാൽനടയായി കല്യോട്ട് കഴകത്തിലെത്തും. തുടർന്ന് പീഠമിട്ട കൊളുവിൽ താത്കാലികമായുണ്ടാക്കിയ ശ്രീകോവിലുകൾക്ക് മുമ്പിൽ തന്ത്രി ഇരവിൽ ഐ.കെ കേശവൻ വാഴുന്നവർ കൊടി ഉയർത്തും.
സാധാരണയായി തെയ്യാട്ടക്കാവുകളിലോ പെരുങ്കളിയാട്ട നഗരിയിലോ കൊടിയേറ്റ് നടത്താറില്ല. എന്നാൽ കല്യോട്ട് അഷ്ടമംഗല്യ പ്രശ്‌ന ചിന്തയിൽ കൊടിയേറ്റ് നടത്തി ഉത്സവാരംഭം കുറിക്കണമെന്നു കണ്ടിരുന്നു. ക്ഷേത്രപരിധിയിൽപ്പെട്ട കണ്ണോത്ത് കിഴക്കേ കരയിൽ നിന്നുമാണ് കൊടിമരത്തിനുള്ള കവുങ്ങ് മുറിച്ച് നിലം തൊടാതെ ക്ഷേത്രത്തിലെത്തിച്ചത്. ചെത്തിയൊതുക്കി നല്ലെണ്ണ തേച്ചുമിനുക്കിയെടുത്ത കൊടിമരം കഴിഞ്ഞ ദിവസം താത്കാലിക പള്ളിയറകൾക്ക് മുമ്പിൽ സ്ഥാപിച്ചു. ഇതിലാണ് തന്ത്രി ഇന്ന് കൊടിയുയർത്തുന്നത്. ബ്രാഹ്മണന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു എന്നതാണ് കൊടിയിലെ സവിശേഷത. പാണ്ടി രാജാവിന്റെ സങ്കൽപ്പത്തിനായാണ് ബ്രാഹ്മണ ചിത്രം കൊടിയിൽ ആലേഖനം ചെയ്തത്. വൈരജാതനീശ്വരന്റെ കോല മണിയുന്ന ഉമേശൻ നേണിക്കമാണ് കൊടി തയ്യാറാക്കിയിരിക്കുന്നത്.