നീലേശ്വരം: തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ കന്നിക്കലവറയ്ക്ക് കുറ്റിയിടൽ ചടങ്ങ് നടത്തി.
പെരുങ്കളിയാട്ട നാളുകളിൽ ദേവപ്രസാദമായി നൽകുന്ന അന്നദാനത്തിന്റെ വിഭവങ്ങൾക്ക് വേണ്ട ഭക്ഷ്യവസ്തുക്കളും സാധന സാമഗ്രികളും നിറക്കുന്ന കന്നിക്കലവറയിൽ പെരുങ്കളിയാട്ട നാളുകളിൽ ദേവീ സാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. മന്നംപുറത്ത് കാവിൽ നിന്നും ദേവീ സാന്നിദ്ധ്യമുള്ള പൊലിയും ചട്ടുകം കന്നിക്കലവറയിൽ സ്ഥാപിച്ചതിനു ശേഷമാണ് കലവറ നിറയ്ക്കൽ ചടങ്ങ് നടക്കുക. നേരത്തെനടന്ന കളിയാട്ട മേൽപ്പിക്കൽച്ചടങ്ങിൽ ആചാര സ്ഥാനികർ കോയ്മയെ ഏൽപ്പിച്ച കല ഭണ്ഡാരം കന്നിക്കലവറയിൽ സ്ഥാപിക്കും. വെളിച്ചം കടക്കാത്ത രീതിയിൽ അരഭിത്തി മണ്ണ് കുഴച്ച് പാലമരവും ഓലയും കൊണ്ട് നിർമ്മിക്കുന്ന കന്നിക്കലവറയിൽ നിന്നാണ് ധനധാന്യ സമൃദ്ധിയോടെ പെരുങ്കളിയാട്ടത്തിന്റെ എല്ലാ വിഭവങ്ങളും തയ്യാറാവുന്നത്.