തളിപ്പറമ്പ്: തളിപ്പറമ്പിൽ നിർത്തിയിട്ട നാഷണൽ പെർമിറ്റ് കണ്ടെയ്‌നർ ലോറിയുടെ ആറ് ടയറുകൾ കവർച്ച ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കോഴിക്കോടേക്ക് പൈപ്പുമായി പോകുന്ന എം.പി. 09എച്ച് എച്ച് 7532 ലോറിയുടെ പുറകിലെ ആറ് ടയറുകളാണ് അഴിച്ചു കൊണ്ടുപോയത്.ഒരു ടയറിനും അനുബന്ധ സാധനങ്ങൾക്കുമായി 25,000 രൂപ വില വരും.
ആകെ ഒന്നര ലക്ഷം രൂപയാണ് ടയർ മോഷണത്തിലൂടെ നഷ്ടമായത്. രാത്രി 11 നും രണ്ടിനും ഇടയിൽ വാഹനത്തിലെത്തിയ സംഘമാണ് കവർച്ച നടത്തിയതെന്ന് കരുതുന്നു. 10.30 വരെ ഈ പരിസരത്ത് ആളുകൾ ഉണ്ടായിരുന്നു. ഡ്രൈവർ രജ് വീർ സിംഗിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതളിപ്പറമ്പ് സി ഐ എൻ.കെ.സത്യനാഥന്റെ നേത്യത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
സംഭവം ഇങ്ങനെ
കഴിഞ്ഞ 18നാണ് ലോറി ഇൻഡോറിൽ നിന്ന് പുറപ്പെട്ടത്. ശനിയാഴ്ച രാത്രി ഒൻപതോടെ ദേശീയ പാതയിൽ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപം നിർത്തി ഭക്ഷണം പാകം ചെയ്ത് ഡ്രൈവർ രജ് വീർ സിങ്ങ് ലോറിക്കകത്താണ് കിടന്നത്. ഇയാൾ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ. ഈ ലോറിക്ക് പിറകിലായി ഇതേ കമ്പനിയുടെ എം പി 09 എച്ച്എച്ച് 5710 ലോറിയും പാർക്ക് ചെയ്തിരുന്നു. ഈ ലോറി കൊച്ചിയിലേക്കാണ് പോകുന്നത്. പുലർച്ചെ മൂന്നിന് പുറകിൽ പാർക്ക് ചെയ്ത ലോറിയുടെ ഡ്രൈവർ പുറപ്പെടാനായി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴാണ് മുന്നിൽ പാർക്ക് ചെയ്ത ലോറിയുടെ ടയർ അഴിച്ചു കൊണ്ടുപോയതായി കണ്ടത്.ഉടൻ രജ് വീർ സിംഗിനെ വിളിച്ചുണർത്തുകയായിരുന്നു. ജാക്കിയും നെല്ലിയോട് ക്ഷേത്ര നിർമാണത്തിനായി കൊണ്ടുവന്ന കരിങ്കൽ ശിലകളും ഉപയോഗിച്ച് കണ്ടെയ്നർ ലോറി പൊക്കിയാണ് അഴിച്ചു കൊണ്ടുപോയത്.ഡ്രൈവർ രജ് വീർ സിംഗിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.