മംഗളുരു: മംഗളുരു സംഘർഷത്തിൽ കൊല്ലപ്പെട്ടവർ കലാപത്തിന് ശ്രമിച്ച പ്രക്ഷോഭകാരികളാണെന്ന് കർണാടക പൊലീസ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിന് എത്തിയവർ അക്രമം കാണിച്ചപ്പോഴാണ് പൊലീസ് വെടിവെച്ചത്.
ബന്തറിലെ പൊലീസ് സ്റ്റേഷൻ അക്രമിക്കാനായിരുന്നു സമരക്കാരുടെ പദ്ധതി. ഇതിനായി നിരോധനാജ്ഞ ലംഘിച്ചു മാരകായുധങ്ങളുമായി നീങ്ങുമ്പോഴാണ് വെടിവച്ചതെന്നാണ് മംഗളുരു പൊലീസിന്റെ വാദം. ബന്ധുക്കളുടെ വാദങ്ങൾ തള്ളി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ, കൊല്ലപ്പെട്ട ജലീൽ രണ്ടാം പ്രതിയും നൗഷീൽ ഏഴാം പ്രതിയുമാണ്.
ജോലിക്ക് വന്ന ജലീൽ ഉച്ചഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് പൊലീസ് വെടിവെച്ചു കൊന്നതെന്ന് സഹോദരനും ബന്ധുക്കളും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൂർണമായി തള്ളിയാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 2000 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കർഫ്യൂ ഇളവ് ചെയ്‌ത മംഗളുരു നഗരത്തിൽ ഇന്റർനെറ്റ് ഇന്നലെ പുനഃസ്ഥാപിച്ചു. മംഗളൂരുവിലെ 13,000 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. സോഷ്യൽ മീഡിയയിൽ സർക്കാർ വിരുദ്ധ പോസ്റ്റുകൾ ഉണ്ടായാൽ നടപടി സ്വീകരിക്കും. കർഫ്യൂവിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. പൂർണമായും പിൻവലിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. മംഗളുരു നഗരം ഇപ്പോൾ ശാന്തമാണ്. പൊലീസ് സുരക്ഷ തുടരുകയാണ്. കേരള അതിർത്തിയായ തലപ്പാടിയിൽ നിന്ന് കർണാടകത്തിലേക്ക്
ആംബുലൻസുകൾ ഒഴികെ ഒരു വാഹനവും വിടുന്നില്ല.