തലശ്ശേരി:മെയ്ൻ റോഡിലെ സവിത ജ്വല്ലറി ഉടമ ചക്യത്ത് മുക്കിലെ സ്‌നേഹയിൽ പി.കെ.ദിനേശ് കൊല്ലപ്പെട്ട് ഇന്നേക്ക് അഞ്ചുവർഷം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പരാജയപ്പെട്ട കേസിൽ സി.ബി.ഐ തന്നെ അന്വേഷിച്ചിട്ടും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായില്ല.
2014 ഡിസംബർ 23 ന് രാത്രിയിലാണ് ട്രാഫിക്ക് പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള മെയിൻ റോഡിൽ പാതി ഷട്ടർ താഴ്ത്തിയ ജ്വല്ലറിയിൽ വച്ച് ഉടമയായ ദിനേശ് കൊല്ലപ്പെട്ടത്.കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് ദിനേശിനെ കണ്ടെത്തിയത്. കൊലപാതകി കൃത്യം നടത്തിയപ്പോൾ കൈയുറ ധരിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അതിനാൽ വിരലടയാളമടക്കമുള്ള തെളിവുകൾ കിട്ടില്ല. കൊലപാതകിയെ അന്വേഷിച്ച് ഇതര സംസ്ഥാനങ്ങളിലും അന്വേഷണസംഘം എത്തിയെങ്കിലും ദൗത്യം പരാജയപ്പെടുകയായിരുന്നു.
സി.ബി.ഐയുടെ ഒന്നിലേറെ യൂണിറ്റുകൾ ഇതിനകം തലശ്ശേരിയിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയിലെത്തിയില്ല. ഏറ്റവും ഒടുവിൽ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പക്ടർ കെ.എം. സബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം. ദിനേശന്റെ ബന്ധുക്കൾ ഉൾപെടെയുള്ളവരെ സി.ബി.ഐ.ആ സ്ഥാനത്തേക്ക് വിളിച്ചു വരുത്തി ഈ സംഘം മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പകൽ തലശ്ശേരി വാദ്ധ്യാർ പീടികക്കടുത്ത് എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ ഇവിടെയുള്ള ഒരുകിണർ വറ്റിച്ച് പരിശോധിച്ചെങ്കിലും പ്രയോജനകരമായ ഒന്നും ലഭിച്ചില്ലെന്നാണ് വിവരം. വ്യാപാരി കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാൾ അന്വേഷണത്തിന് കൊണ്ടുവന്ന പൊലീസ് നായ ഈ കിണറിന്നടുത്തുവരെ മണം പിടിച്ച് എത്തിയിരുന്നു.