കാസർകോട്: എല്ലാം മറന്ന് ഒത്തുചേരാനുള്ള വേദികളാണ് കലാകായിക വേദികളെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പാക്കം ജി.എച്ച്.എസ്.എസിൽ ജില്ലാ കേരളോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യവും സാഹോദര്യവും പ്രകടപ്പിക്കാനുളള വേദികളാണ് കേരളോത്സവത്തിന്റേത്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇത്തരം മത്സരങ്ങളിലൊന്നും പങ്കെടുക്കാൻ കഴിയാതെ പോയ നാട്ടിൻപുറങ്ങളിലെ പ്രതിഭകളെ കണ്ടെത്താനാണ് നാം കേരളോത്സവങ്ങൾ വർഷങ്ങൾക്ക് മുന്നേ തന്നെ ആരംഭിച്ചതെന്നും പലരടേയും പ്രകടനങ്ങൾ അതാത് മേഖലകളിലെ പ്രൊഫഷണലുകളേയും വെല്ലുന്ന തലത്തിലേക്ക് വളർന്നവയാണെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അധ്യക്ഷനായി. യുവജന ക്ഷേമ ബോർഡ് ജില്ലാ കോഓഡിനേറ്റർ എ.വി ശിവപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, യുവജന ക്ഷേമബോർഡ് മെമ്പർ മണികണ്ഠൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാദൂർ ഷാനവാസ് സ്വാഗതവും യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ. പ്രസീത നന്ദിയും പറഞ്ഞു. സമാപനസമ്മേളനം കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
താക്കോൽ ദാനം
ചീമേനി: അത്തൂട്ടി മഹൽ സാധു സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബൈത്തുൽ ഹിമാം താക്കോൽ ദാനവും ചികിത്സാ ധനസഹായ വിതരണവും നടത്തി. എം. രാജഗോപലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഷറഫ് അധ്യക്ഷത വഹിച്ചു.
താക്കോൽ ദാനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ചികിത്സാ ധനസഹായം വിതരണം എം.സി.ഖമറുദ്ദിൻ എം .എൽ .എയും നിർവഹിച്ചു. ഇബ്രാഹിം പള്ളം കോട് മുഖ്യ പ്രഭാഷണം നടത്തി.