കാസർകോട്: ജലസംരക്ഷണത്തിന് കാസർകോടൻ മാതൃകയുമായി 'തടയണ ഉത്സവം' 29 മുതൽ ജനുവരി നാലു വരെ സംഘടിപ്പിക്കും. ജില്ലയിലെ 12 നദികളും കൈവഴികളും ഉൾപ്പെടുത്തി ജില്ലയിൽ 2400 തടയണകളാണ് നിർമ്മിക്കുക.

ജില്ലയിൽ രൂക്ഷമായ വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ സാഹചര്യത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ എല്ലാ വി.സി.ബി കളുടേയും ചെക്ക് ഡാമുകളുടെയും റഗുലേറ്ററുകളുടെയും ഷട്ടറുകൾ അടച്ച് പരമാവധി ജലം തടഞ്ഞു നിർത്താൻ ജില്ലാ കളക്ടർ നിർദേശം നൽകി. നിലവിലെ ജലസംരക്ഷണ നിർമ്മിതികളുടെ പരിപാലനം കൊണ്ടു മാത്രം വരൾച്ചാ നിയന്ത്രണം സാധ്യമല്ലാത്ത സാഹചര്യത്തിലണ് കാസർകോട് വികസന പാക്കേജിൽ തടയണ മഹോത്സവം നടത്തുന്നത്.

തടയണ ഉത്സവത്തിന്റെ വിജയത്തിനായി പ്രാദേശിക സംഘാടക സമിതികൾ രൂപീകരിച്ച് ജലസംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

ഒരു പഞ്ചായത്തിൽ 10 തടയണ

ഒരു വാർഡിൽ ഒരു തടയണ എന്ന തോതിൽ ഒരു പഞ്ചായത്തിലെ 10 വാർഡുകളിൽ തടയണ നിർമ്മിക്കും. തടയണ നിർമ്മാണവുമായി ബന്ധപ്പെട്ട ജിയോ റഫറൻസ് റിപ്പോർട്ട് ജനുവരി നാലിനകം പഞ്ചായത്ത് പ്രസിഡന്റുമാർ സമർപ്പിക്കണം. തടയണകൾ അഞ്ചു വർഷം കാലാവധി മുന്നിൽ കണ്ടാവും നിർമ്മിക്കുക. മൂന്ന് വർഷത്തിനുള്ളിൽ ജില്ലയിലെ 630 നീർച്ചാലുകളും മുഴുവൻ തടയണ നിർമ്മിച്ച് കാസർകോട് ജില്ലയുടെ ജലസംഭരണശേഷി കൂട്ടാനാണ് തീരുമാനം. കൂടാതെ നിർമ്മിക്കുന്ന തടയണകൾക്ക് ഓൺലൈൻ മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തും. ഇതുവഴി തടയണകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി പൂർത്തീകരിക്കാൻ കഴിയും.

3 വർഷത്തിനുള്ളിൽ 630 നീർച്ചാലുകൾ