പയ്യന്നൂർ: ഭരണഘടനാവിരുദ്ധമായ നിയമം അനുവദിക്കില്ലെന്നതിന്റെ തെളിവാണ് ഇന്ത്യയിൽ നടക്കുന്ന വലിയ പ്രക്ഷോഭമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പു മന്ത്രി കെ.കെ. ശൈലജ . കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂർ ഗാന്ധി പാർക്കിൽ ഭരണഘടന ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സംഘപരിവാർ അധികാരത്തിൽ വന്നാൽ വർഗീയ ചേരിതിരിവുണ്ടാക്കുമെന്നും മതേതരത്വം തകർക്കുമെന്നും പറയുമ്പോഴും നേരിയ പ്രതീക്ഷയുണ്ടായിരുന്നു.എന്നാൽ അതുകൂടി ഇല്ലാതായിരിക്കുന്നു.ജനാധിപത്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുകയാണ് മോദി സർക്കാർ.മുസ് ലിം മതസ്ഥർക്ക് പൗരത്വ രജിസ്‌ട്രേഷൻ നൽകേണ്ടതില്ലെന്നത് വലിയ വിഭാഗീയതയാണ് ഉണ്ടാക്കിയത്. ഒരു കാരണവശാലും ഹിന്ദു രാഷ്ട്രമാകാൻ ഇന്ത്യക്കാവില്ല. ശൈലജ പറഞ്ഞു.
കെ.പി. മധു അദ്ധ്യക്ഷത വഹിച്ചു. ലോയേഴ്‌സ് യൂണിയൻ അഖിലേന്ത്യ സെക്രട്ടറി പി. രാജേന്ദ്രൻ വിഷയാവതരണം നടത്തി. സിപി എം ജില്ല സെക്രട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ, സി. കൃഷ്ണൻ എംഎൽഎ, എം രാഘവൻ, ടി ഗോപാലൻ, പോത്തേര കൃഷ്ണൻ, പി. വി. ശകുന്തള എന്നിവർ പ്രസംഗിച്ചു.
കർഷക തൊഴിലാളി യൂണിയൻ സമ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂരിൽ നടന്ന സെമിനാർ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്നു.