കാഞ്ഞങ്ങാട്: അർബുദരോഗം ജീവിതത്തിന്റെ അവസാനമല്ലെന്ന് വിളിച്ചുപറഞ്ഞ് ജില്ലാ ആശുപത്രിയിൽ കാൻസർ ബാധിതരുടെ കൂട്ടായ്മ. വേദനയുടെ ലോകത്ത് രോഗികൾക്ക് സമാശ്വാസമായി പാട്ടും നൃത്തവും കഥയും കടംകഥയും അരങ്ങേറി.
ആശുപത്രിയുടെ മാതൃശിശു പരിപാലന യൂണിറ്റാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കാൻസർ ബാധിതർക്ക് അതിജീവനത്തിനായി കരുത്തു പകരാനും അവരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു നടത്താനും സമൂഹം കൂടി ഒപ്പം നിൽക്കണമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് നഗരസഭാ ചെയർമാൻ വി.വി. രമേശൻ പറഞ്ഞു. രോഗികൾക്ക് പുതപ്പും അരിയും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗംഗാ രാധാകൃഷ്ണൻ വിതരണം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. ആർ.എം.ഒ ഡോ. റിജിത്ത് കൃഷ്ണൻ, എച്ച്.പി. ശാന്താറാം, ബി. മുകുന്ദ് പ്രഭു, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.വി. ബാലൻ, പി. മുരളീധരൻ എം. ദാക്ഷായണി എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാരും രോഗികളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.