കണ്ണൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും ജവഹർ ബാലജന വേദിയുടെയും ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാനൂരിൽ ഇന്ന് മെഗാ ഒപ്പന നടക്കും. പാനൂർ ഗുരു സന്നിധി ഗ്രൗണ്ടിലാണ് വൈകിട്ട് നാലിന് ആയിരം വനിതകൾ അണിനിരക്കുന്ന ഒപ്പന അരങ്ങേറുന്നത്. നിയമത്തിനെതിരെ സർഗാത്മക പ്രതിഷേധമെന്ന നിലയ്‌ക്കാണ് ജനകീയമായ പാരമ്പര്യ കലയായ ഒപ്പന നാനാജാതി മതസ്ഥരായ വനിതകൾ അവതരിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, വി. സുരേന്ദ്രൻ, കെ.പി സാജു, കെ.പി ഹാഷിം, അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.