തലശ്ശേരി :അണ്ടർ 23 കേണൽ സി.കെ.നായിഡു ട്രോഫിയിലെ കേരളത്തിന്റെ ഹോം മൽസരങ്ങൾക്ക് തലശ്ശേരി വേദിയാകും. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 27 മുതൽ 30 വരെ ഝാർഖണ്ഡുമായാണ് കേരളത്തിന്റെ മൽസരം.ജനുവരി 21 മുതൽ 24 വരെ ഗോവ,ഫെബ്രുവരി 6 മുതൽ 9 വരെ ജമ്മു &കാശ്മീർ,ഫെബ്രുവരി 14 മുതൽ 17 വരെ ചത്തീസ്ഗഡ് എന്നിവരുമായാണ് തുടർ മൽസരങ്ങൾ.വത്സൽ ഗോവിന്ദ് നയിക്കുന്ന കേരള ടീമിൽ എഫ്.ഫാനൂസ് ആണ് വൈസ് ക്യാ്ര്രപൻ. മുൻ രഞ്ജി താരമായ ഫിറോസ്.വി.റഷീദാണ് മുഖ്യ പരിശീലകനും പ്രശാന്ത് പരമേശ്വരൻ സഹപരിശീലകനുമാണ്.എം.പി.ശ്രീരൂപ് ആണ് ടീമിലെ ഏക കണ്ണൂർക്കാരൻ.ബി.സി.സി.ഐ ക്യുറേറ്റർ ടി.മോഹനൻ ആണ് മൽസരങ്ങൾക്കുള്ള പിച്ച് ഒരുക്കുന്നത്.
ഉത്തരാഖണ്ഡുമായി നടന്ന ആദ്യ മൽസരത്തിൽ കേരളം സമനില വഴങ്ങുകയും രണ്ടാം മൽസരത്തിൽ റെയിൽവേയോട് ഇന്നിംഗ്‌സിനും 27 റൺസിനും പരാജയപ്പെടുകയും ചെയ്തിരുന്നു.ആദ്യ മൽസരത്തിൽ ജമ്മു കാശ്മീരിനോട് ലീഡ് വഴങ്ങിയാണ് ഝാർഖണ്ഡ് ടീം തലശ്ശേരിയിൽ എത്തുന്നത്.നിലവിൽ എലൈറ്റ് ഗ്രൂപ്പ് സി യിൽ ഝാർഖണ്ഡ് ഏഴും കേരളം ഒമ്പതും സ്ഥാനങ്ങളിലാണ്.
തലശ്ശേരിയിൽ ഇന്നലെ എത്തിചേർന്ന ഇരു ടീമുകളും ഇന്ന് രാവിലെ പരിശീലനത്തിനിറങ്ങും.