കണ്ണൂർ: ധർമ്മടം, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിലെ 15 പഞ്ചായത്തുകളിൽ വില്ലേജ് നോളജ് സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു. ജയിംസ് മാത്യു എം എൽ എ, കളക്ടർ ടി. വി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ചേംബറിലാണ് യോഗം നടന്നത്. നോളജ് സെന്ററുമായി ബന്ധപ്പെട്ട സെർവർ സംവിധാനവും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ണൂർ എൻജിനീയറിംഗ് കോളേജിൽ സ്ഥാപിക്കുന്നതായിരിക്കും ഗുണകരമെന്ന് യോഗം അഭിപ്രായപ്പെട്ടു.

സെന്ററിന്റെ പ്രവർത്തനം സുഗമമാകാൻ അഞ്ചു പേർക്ക് പരിശീലനം നൽകും. ഗ്രാമങ്ങളിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഓട്ടോമാറ്റിക് സെൻസർ സംവിധാനത്തിലൂടെ കാലാവസ്ഥ, മണ്ണ് എന്നിവയുടെ വിവരങ്ങൾ യഥാസമയം അറിയിക്കാനുള്ള സൗകര്യങ്ങളാണ് സെന്ററിൽ ഉണ്ടാവുക. 2020ന്റെ ആരംഭത്തിൽ തന്നെ സെന്റർ പ്രവർത്തനമാരംഭിക്കാനാണ് ഉദ്ദേശ്യം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സിക്‌സോ കോർഡിനേറ്റമാരും കണ്ണൂർ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി. സൂരജ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.