കാസർകോട്: കാസർകോട്ട് 400 മീറ്റർ ട്രാക്കുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറായി. ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്താണ് 13 കോടി രൂപ ചെലവിൽ സ്റ്റേഡിയം നിർമിക്കുക.
പഞ്ചായത്തിന്റെയും സർക്കാരിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും സംയുക്ത സംരംഭം എന്ന നിലയിലാണ് സ്റ്റേഡിയം പണിയുന്നത്. ഇപ്പോൾ സർക്കാരിന്റെ കീഴിലുള്ള സ്ഥലമാണ് സ്റ്റേഡിയത്തിന് ഉപയോഗിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ആവശ്യത്തിൽ കൂടുതൽ സ്ഥലം കോളിയടുക്കത്ത് ഉണ്ടെങ്കിലും സ്റ്റേഡിയത്തിനാവശ്യമായ സ്ഥലം മാത്രമാണ് ട്രാക്ക് നിർമിക്കുന്നതിനും മറ്റും ഉപയോഗപ്പെടുത്തുക.
കാസർകോട്ട് നിലവിലുള്ളത് 100 മീറ്റർ ട്രാക്കുള്ള അടുക്കത്ത് ബയൽ ഗ്രൗണ്ട് മാത്രമാണെന്ന് കളക്ടർ വ്യക്തമാക്കി. കാസർകോട്ട് ഒരിടത്തും 400 മീറ്റർ ട്രാക്കുള്ള സ്റ്റേഡിയമില്ല. അതുകൊണ്ട് തന്നെ വലിയ കായികമത്സരങ്ങൾ ജില്ലയ്ക്ക് അന്യമാകുകയാണ്. ട്രാക്ക് നിർമിക്കുന്നതിലൂടെ വലിയ കായിക മത്സരങ്ങൾ ജില്ലയിൽ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ധപ്പെട്ടവരുമായി ഇക്കാര്യത്തിൽ ചർച്ച അവസാനഘട്ടത്തിലാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.