തളിപ്പറമ്പ്: കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിൽ കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. രാത്രി ഏഴോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉഡുപ്പി എം .പി ശോഭ കരന്ത്‌ലെജെയും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിൻ കുടം സമർപ്പിച്ച് രാജരാജേശ്വരനെ തൊഴുത യെദിയൂരപ്പ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിലും ദർശനം നടത്തി.
യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ യെദിയൂരപ്പയെ കരിങ്കൊടി കാണിച്ച് തടയുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാൽ കനത്ത പെലീസ് സുരക്ഷയിലായിരുന്നു യെദിയൂരപ്പയുടെ ക്ഷേത്ര ദർശനം. ബി ജെ പി നേതാക്കളായ കെ.രഞ്ജിത്ത്, സി.സത്യപ്രകാശൻ, എ.പി.ഗംഗാധരൻ, എൻ.കെ.ഇ.ചന്ദ്രശേഖരൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ യെദിയൂരപ്പയെ സ്വീകരിക്കാൻ എത്തിയിരുന്നു.