കണ്ണൂർ: വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാകാത്ത കുടുംബങ്ങൾക്ക് മുന്നിൽ ആശങ്കയായി ബാങ്കുകളുടെ നിലപാട്. തിരിച്ചടവ് മുടങ്ങിയ കുടുംബങ്ങൾ ഒറ്റ ത്തവണയായി പണമടച്ചാൽ പോലും പീഡിപ്പിക്കുന്നതായാണ് ആക്ഷേപം. 'സിബിൽ' നിയമത്തിന്റെ മറവിൽ മറ്റൊരു വായ്പയും പിന്നീട് ലഭിക്കാത്ത വിധമാക്കിയാണ് പീഡനമെന്നും ആക്ഷേപമുണ്ട്.

കാർഷിക വായ്പകൾക്ക് പോലും 4 ശതമാനം പലിശയുള്ളപ്പോൾ വിദ്യാഭ്യാസ വായ്പയ്ക്ക് 16 ശതമാനം വരെയാണ് പലിശ ഈടാക്കുന്നതെന്ന് എഡ്യൂക്കേഷൻ ലോൺസ് വെൽഫെയർ ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് പ്രകാശൻ കണ്ണാടി വെളിച്ചവും ജനറൽ സെക്രട്ടറി കെ.കെ രമേശനും ആരോപിച്ചു.

സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പേരെങ്കിലും വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നുണ്ടാകുമെന്നാണ് സംഘടനയുടെ കണക്ക്.കാൽ ലക്ഷത്തോളം പേർ കണ്ണൂരിലുമുണ്ടാകും.

വായ്പ തിരിച്ചടവ് മുടങ്ങിയാൽ വായ്പയെടുത്തയാളുടെ കുടുംബാംഗങ്ങൾക്ക് പോലും പിന്നീട് ആവശ്യത്തിന് വായ്പ ലഭിക്കില്ല. ലോക രാജ്യങ്ങളെല്ലാം വിദ്യാഭ്യാസ രംഗത്തിന് മുന്തിയ പരിഗണന നൽകുമ്പോൾ ഇവിടെ മാത്രമാണ് ഈ അവസ്ഥയെന്നാണ് ആരോപണം.

രക്ഷിതാക്കളും കുട്ടികളും മരിച്ചാൽ പോലും വായ്പാ തിരിച്ചടവിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്ന പതിവുണ്ട്. കോയ്യോട് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതായി പ്രകാശൻ ആരോപിച്ചു. വിദ്യാഭ്യാസ വായ്പ നൽകുന്നതിന് ബാങ്ക് ജീവനക്കാർ ചിലപ്പോൾ മടി കാട്ടുന്നുണ്ട്. ഔദാര്യം നൽകുന്നതു പോലെയാണ് പലരുടെയും സമീപനമെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. വായ്പ വിദ്യാർത്ഥികളുടെ അവകാശമാണെന്ന ബോദ്ധ്യമുണ്ടാകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.