ചെറുവത്തൂർ: ഗ്രാമത്തിലെ പിഞ്ചു കുട്ടികളടക്കം മുത്തശ്ശിമാർ വരെയുള്ള ആബാലവൃദ്ധം ജനങ്ങളും കുട്ടമത്ത് ഗവ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ മൈലാട്ടി കുന്നിലെത്തി. രാവിലെ എട്ടു മണിക്കു മുമ്പു തന്നെ 50 ഏക്കറിലധികം സ്ഥലത്ത് ഉയർന്നു നിൽക്കുന്ന കുന്നിൻ മുകളിൽ ആയിരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഗ്രഹണം വീക്ഷിക്കാൻ പ്രത്യേക കണ്ണടയില്ലാത്തവർക്കായി ബിഗ് സ്ക്രീനിൽ പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു.ഇതിന് മുന്നിൽ ആയിരത്തോളം പേർ തടിച്ചുകൂടി.

ശാസ്ത്രലോകം നേരത്തെ പ്രവചിച്ച കൃത്യസമയത്തു തന്നെ ഗ്രഹണത്തിന് തുടക്കമായി. എട്ടു മണി കഴിഞ്ഞ് 4 .41 സെക്കൻഡിൽ ഗ്രഹണത്തിന് തുടക്കം കുറിച്ചത് ജനക്കൂട്ടം ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.8.06ന് വലയത്തിന് തുടക്കമായി.ക്രമേണ അത് വലുതായി വന്നു. 9. 24ന് വലയം പൂർണ്ണതയിലേക്കെത്തിത്തുടങ്ങി. തുടർന്ന് 9.25 മുതൽ 9. 27 ആയതോടെ ഗ്രഹണം പാരമ്യതയിലെത്തി. 9 മണി 27 .30 സെക്കൻഡിൽ ഗ്രഹണം അവസാനിച്ച് ചന്ദ്രന്റെ നിഴൽ സൂര്യനിൽ നിന്ന് വിട്ടൊഴിയാൻ തുടങ്ങി. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം 11 മണി 44.48 സെക്കൻഡിൽ സൂര്യൻ പൂർണമായും ഗ്രഹണ വിമുക്തമായി. കാടങ്കോട്, ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ, നീലേശ്വരം തൈക്കടപ്പുറം എന്നിവിടങ്ങളിലും സൂര്യഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയിരുന്നു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി., എം.രാജഗോപാലൻ എം.എൽ.എ., ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ,ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ,മുൻ എം.എൽ.എ.കെ.കുഞ്ഞിരാമൻ എന്നിവരും അമേരിക്ക, റഷ്യ, ജർമ്മനി തുടങ്ങിയ രാഷ്ടങ്ങളിലെ ശാസ്ത്രജ്ഞൻമാരും ,ശാസ്ത്ര വിദ്യാർത്ഥികളും മാദ്ധ്യമപ്പടയും മൈലാട്ടിക്കുന്നിൽ എത്തിച്ചേർന്നിരുന്നു. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്ന അന്ധ വിശ്വാസത്തിനെതിരെയുള്ള ബോധവത്കരണമെന്നോണം സ്ഥലത്ത് കുടിവെള്ളവും ചായയും ലഘു ഭക്ഷണവും വിതരണം ചെയ്തിരുന്നു.

'