കണ്ണൂർ : കണ്ണൂരിൽ പൂർണ്ണവലയ സൂര്യഗ്രഹണം കാണാൻ ആയിരങ്ങളാണ് ഒത്തുകൂടിയത്..കുന്നിൻ ചെരിവിലും സ്കൂൾ മുറ്റത്തും കടപ്പുറത്തും വൻജനാവലിയായിരുന്നു. രാവിലെ 8.30 യോടെയാണ് ഗ്രഹണം തുടങ്ങിയത്. പൂർണ്ണ വലയ സൂര്യഗ്രഹണം നാലു മിനിറ്റ് മാത്രം നീണ്ടു നിന്നു.
ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറച്ച് ഡയമണ്ട് റിംഗ് പ്രത്യക്ഷപ്പെട്ടതോടെ രാവിലെ 9.30 ന് തന്നെ ഇരുട്ട് പരന്ന് സന്ധ്യയായ പ്രതീതിയായിരുന്നു. 11.10 വരെ ഗ്രഹണം തുടർന്നു.

നഗ്‌നനേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണരുത് എന്ന് ശാസ്ത്രലോകം നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മിക്കയിടത്തും പ്രത്യേക കണ്ണടയും ഫിൽട്ടറും ഒരുക്കിയായിരുന്നു വിസ്മയത്തെ വരവേറ്റത്‌..

രാവിലെ 8മുതൽ കളക്ട്രേറ്റ് മൈതാനിയിൽ ആയിരങ്ങൾ ഒത്തുചേർന്നാണ് ഗ്രഹണം വീക്ഷിച്ചത്. മേയർ സുമാ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ, കളക്ടർ ടിവി സുഭാഷ്, ശാസ്ത്രജ്ഞൻ വി.എം. സിദ്ധാർത്ഥൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശാസ്ത്ര പ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും ഒത്തുചേർന്നത്. പഞ്ചായത്ത്, മണ്ഡലം കേന്ദ്രങ്ങളിൽ എം.പി.മാർ എം.എൽ.എമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഗ്രഹണനിരീക്ഷിക്കാനെത്തിയിരുന്നു.

രണ്ട് ലക്ഷത്തോളം കണ്ണടകളാണ് ജില്ലയിൽ ഇതിനായി വിതരണം ചെയ്തത്..

ബസ്സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലാണ് ലഘുലേഖയും കണ്ണടയും വിതരണം ചെയ്തത് .
ഗ്രഹണം ദൃശ്യമാകാത്ത മറ്റുജില്ലകളിൽ നിന്നെത്തുന്ന ഇരുനൂറിലധികം കുട്ടികളും ശാസ്ത്ര കുതുകികളും കൂടാളിയിൽ എത്തിചേർന്നു. രാവിലെ എട്ട് മുതൽ കെ.കെ രാഗേഷ് എംപി യുടെ നേതൃത്വത്തിൽ കൂടാളിയിൽ ആകാശം നിരീക്ഷിച്ചു.

മാഹിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികളടക്കമുള്ളവർ ചാലക്കര വട്ടോത്ത് കുന്നിലെ എക്‌സൽ പബ്ലിക് സ്‌കൂളിലെത്തിയത്. കുന്നിൻപുറത്ത് റൂർഖി ഐ.ഐ.ടി. സംഘവും, ബാംഗ്‌ളൂർ രാമൻ സയൻസ് ക്‌ളബ്ബും സജ്ജമാക്കിയ അത്യാധുനികനും അതിശക്തവുമായ മൂന്ന് ടെലസ്‌കോപ്പുകളിലൂടേയും, നൂറുകണക്കിന് പ്രത്യേക കണ്ണടകളിലൂടെയുമാണ് സൂര്യഗ്രഹണം നിരീക്ഷിച്ചത്. കിരൺ, മരലാപൊടി, നസീൽ സബാഹ്, വിശ്വകീർത്തി ഉമേഷ്, ശ്രീനിധി തുടങ്ങിയവർ ഗ്രഹണത്തെ വിശദീകരിച്ചു. ന്യൂ മാഹി റെഡ്സ്റ്റാർ ലൈബ്രറി കരീക്കുന്നിൽ നൂറുക്കണക്കിന് പേർക്ക് വലയസൂര്യഗ്രഹണം കാണാൻ സജ്ജീകരണമൊരുക്കി
മീത്തലെ ചമ്പാടിൽ ചമ്പാട് വായനശാല & ഗ്രന്ഥാലയം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ചമ്പാട് വെസ്റ്റ് യു.പി.സ്‌കൂൾ എന്നിവർ സംയുക്തമായി ഗ്രഹണനിരീക്ഷണത്തിന് സൗകര്യമൊരുക്കിയിരുന്നു. .

ചിത്രം: ചാലക്കര എക്‌സൽ പബ്‌ളിക് സ്‌കൂൾ കുന്നിൽ സൂര്യഗ്രഹണം കാണാനെത്തിയവർ.