നിറങ്ങളിൽ നീരാടുന്ന ഒരു ആഘോഷം നമുക്ക് ഇന്ത്യയിലുണ്ട്. എന്നാൽ കറുത്ത പെയ്ന്റിൽ കുളിക്കുന്നതാണ് സ്പെയിൻകാരുടെ ആഘോഷം. കാളപ്പോര്, ടൊമാറ്റോ ഫെസ്റ്റിവൽ തുടങ്ങിയ വൈവിധ്യമാർന്ന ആഘോഷങ്ങൾക്ക് പേരുകേട്ട നാട്ടിലാണ് ഇങ്ങനെ കരിപുരളുന്നൊരു ആഘോഷവും.
15-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഗ്രനഡ പ്രവിശ്യയിലെ ഗ്വാഡിക്‌സ് ഗ്രാമത്തിലെ താമസക്കാരനായിരുന്ന ജുവാൻ പെഡർനൽ കസ്‌കമൊറാസ് എന്നയാളുടെ അനുഭവവുമായി ബന്ധപ്പെട്ടാണത്രെ ഈ ആഘോഷം.
അക്കഥ ഇങ്ങനെയാണ്. അയൽഗ്രാമമായ ബാസയിലെ പള്ളി പൊളിക്കുന്ന ജോലിക്കിടെ ഔവർ ലേഡി ഒഫ് മേഴ്‌സിയുടെ തിരുസ്വരൂപം കസ്‌കമൊറാസിന് കിട്ടി. പ്രതിമ തന്റെ ഗ്രാമമായ ഗ്വാഡിക്‌സിലേക്ക് കൊണ്ടു പോകാൻ അയാൾ തീരുമാനിച്ചതറിഞ്ഞ ബാസ ഗ്രാമവാസികൾ എതിർപ്പുന്നയിച്ചതോടെ തർക്കമായി. തർക്കം രൂക്ഷമായതോടെ ബാസ ഗ്രാമവാസികൾ ഒരു ഉപാധി വച്ചു. കസ്കമൊറാസിന്റെ നേരെ ഒഴിക്കുന്ന കറുത്ത മിശ്രിതം ശരീരത്തിൽ പതിക്കാതെ അയാൾക്ക് ബാസയിൽ നിന്ന് പ്രതിമയുമായി പോകാമെന്നായിരുന്നു ഒത്തുതീർപ്പ് വ്യവസ്ഥ.
എന്നാൽ കസ്‌കമൊറാസ് പ്രതിമയുമായി മന്നോട്ട് നീങ്ങിയപ്പോൾ തന്നെ ബാസ ഗ്രാമവാസികൾ അയാളെ കറുത്ത പെയിന്റിൽ കുളിപ്പിച്ചു. ഇതോടെ ഗ്രാമത്തിന് അപമാനമുണ്ടാക്കിയ ഗ്വാഡിക്‌സ് ഗ്രാമത്തിലുള്ളവരും കസ്‌കമൊറാസിനെതിരായി. ഇവരും അദ്ദേഹത്തെ കരിയിൽ കുളിപ്പിച്ചു.
പിന്നീട് കസ്കമൊറാസിന്റെ ഓട്ടവും, പെയിന്റ് ഒഴിക്കലും പ്രതീകാത്മകമായി കാലങ്ങളോളം സ്പെയിൻ ജനത അവതരിപ്പിച്ചു. സെപ്തംബർ ആറ് മുതൽ പത്ത് വരെയാണ് സാധാരണ ഈ ആഘോഷം സംഘടിപ്പിക്കാറ്. 2006ൽ ആഘോഷം ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചതോടെ ലോകശ്രദ്ധതന്നെ ഇതിലേക്ക് തിരിഞ്ഞു. ഈ ദിവസങ്ങളിൽ ബാസയിൽ എത്തുന്നവരെല്ലാം കറുത്ത പെയിന്റിൽ കുളിച്ചതുതന്നെ.