മാഹി: കുടിവെള്ള പദ്ധതിയുടെ പ്രധാനപൈപ്പ് പൊട്ടി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം. കെ .ടി .സി .ജംഗ്ഷനിൽ അഞ്ചരക്കണ്ടി മെയിൻ പൈപ്പ് പൊട്ടിയാണ് കുടിവെള്ളം പാഴാകുന്നത്.
റോഡിന് നടുവിലൂടെ കടന്നപോകുന്ന പൈപ്പായതിനാൽ റോഡ് കുഴിച്ച് വേണം പൈപ്പ് പുന:സ്ഥാപിക്കാൻ. നഗരം ഇതോടെ ഗതാഗതക്കുരുക്കിലുമാകും.
മാഹി ദേശീയപാതയിൽ കെ .ടി.സി ജംഗ്ഷനിൽ പൈപ്പ് പൊട്ടി ശുദ്ധജലമൊഴുകുന്നു.
പ്രൊഫ: വസുന്ധരയെ അനുസ്മരിച്ചു
മാഹി: പ്രഗത്ഭയായ മലയാളം അദ്ധ്യാപികയായിരുന്ന പ്രൊഫ: വസുന്ധരാ രാധാകൃഷ്ണനെ മാഹി എം.ജികോളജ് മലയാളം പൂർവ്വ വിദ്യാർത്ഥി സംഘടന അനുസ്മരിച്ചു.
മാഹി ഹോട്ടൽ എംപയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ: വി.രാമചന്ദ്രൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ഡോ: കവിതാ ബാലകൃഷ്ണൻ 'സ്ത്രീ പൊതുമണ്ഡലം :കലയിലും സംസ്‌ക്കാരത്തിലും. മുന്നേറ്റങ്ങളും, വെല്ലുവിളികളും ' എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തി. ആർ. ഷിജു അദ്ധ്യക്ഷത വഹിച്ചു. ഡോ :മഹേഷ് മംഗലാട്ട് ,പി .പി .വിനോദ് സംസാരിച്ചു. വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റ്, പുരസ്‌ക്കാര വിതരണവുമുണ്ടായി.
ഡോ: വസുന്ധരാ രാധാകൃഷ്ണൻ അനുസ്മരണ കൂട്ടായ്മ ഡോ: വി. രാമന്ദ്രൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു
ദിലീപ് പണിക്കരെ ആദരിക്കാൻ വിദ്യാർത്ഥികളെത്തി
മാഹി:വിദ്യാഭ്യാസ വകുപ്പിന്റെ 'പ്രതിഭയോടൊപ്പം ' എന്ന പരിപാടിയിൽ ന്യൂ മാഹി എം.എം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ പ്രശസ്ത തെയ്യക്കോലധാരി ദിലീപ് പണിക്കരെ പുന്നോലിലെ വീട്ടിൽ എത്തി ആദരിച്ചു. തബല, ' മൃദംഗം, ചെണ്ട,ഹാർമോണിയം, എന്നീ വാദ്യോപകരണങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരൻ കൂടിയായ അദ്ദേഹം തെയ്യത്തെക്കുറിച്ച് കുട്ടികളോട് വിശദമായി സംസാരിച്ചു.
അന്യംനിന്നുപോയ 'കോതാമൂരിയാട്ടത്തോടൊപ്പം പാടിയിരുന്ന പണിക്കരുടെ മാതാവ് എ.കെ.ലക്ഷ്മിയമ്മയിൽ നിന്നും കുട്ടികൾ കാര്യങ്ങൾ കേട്ടറിഞ്ഞു. ഹെഡ്മാസ്റ്റർ ഒ.അബ്ദുൾ അസീസ് പൊന്നാടയണിയിച്ചു. പ്രിൻസിപ്പൾ കെ.പി. റീത്ത മെമന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ എൻ.അബ്ദുൾ അലി, എം. ബാസിത്ത്, നിശാ റാണി, പി.എം.സുധീഷ്, എം.നജീഷ് എന്നിവർ സംസാരിച്ചു.
പൗരത്വ റജിസ്റ്റർ അല്ല വേണ്ടത് മനുഷ്യത്വ രജിസ്റ്റർ എം.വി.ജയരാജൻ
ന്യൂമാഹി: ജാതിമത വർഗ്ഗീയത തീവ്രവാദ ശക്തികൾ വളർന്ന് വരുന്ന ഇക്കാലത്ത് ഗുരു സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും മനുഷ്യ ജാതിയായി നമുക്ക് ജീവിക്കാൻ കഴിയണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ഏടന്നൂർ ശ്രീനാരായണമഠം സംഘടിപ്പിച്ച കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണവും പുനർവായനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് അദ്ധ്യാപകനുമായ കെ.വി.സജയ് പ്രഭാഷണം നടത്തി.
ഗുരുസാഗരം മാസിക പത്രാധിപർ സജീവ് കൃഷ്ണൻ ശ്രീനാരായണ ഗുരുവും കുമാരനാശാനും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.55 വർഷം ശാന്തി പ്രവർത്തനം നടത്തിയ സി.വാസുവിനെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.പ്രശാന്തൻ, വാർഡംഗം കെ.പ്രീജ, സെക്രട്ടറി ടി.രാഘവൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം: എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
ശിവഗിരി ദിവ്യ ജ്യോതി പ്രയാണത്തിന് മാഹിയിൽ ഉജ്വല വരവേൽപ്പ്
മാഹി :ശിവഗിരിയിലേക്കുള്ള ദിവ്യജ്യോതി പ്രയാണത്തിന് മാഹി മുൻസിപ്പാൽ മൈതാനിയിൽ ആവേശോജ്വലമായ വരവേൽപ്പ്.കൊടിതോരണങ്ങൾ കൊണ്ട്, മഞ്ഞക്കടലായി മാറിയ നഗരത്തിൽ രഥഘോഷയാത്രയെത്തിയപ്പോൾ, സ്ത്രീകളുൾപ്പടെ നൂറ് കണക്കിനാളുകളാണ് ആറ് തവണ ഗുരുവിന്റെ സന്ദർശനം കൊണ്ട് ധന്യമായ മണ്ണിലെത്തിയത്. മതമൈത്രിയുടെ ദേവാലയമായ
അമ്മ ത്രേസ്യാ പുണ്യവതിയുടെ പള്ളിക്ക് മുന്നിൽ വെച്ച് ഫാദർ അനിൽ ജോസ് ഗുരുദേവപ്രതിമയിൽ ജമന്തിപ്പൂമാല അണിയിച്ചു.
എസ്.എൻ.ഡി.പി മാഹി ഘടകം ഒരുക്കിയ വമ്പിച്ച സ്വീകരണ യോഗത്തിൽ പ്രസിഡന്റ് പ്രേമൻ കല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സജിത് നാരായണൻ ഉൽഘാടനം ചെയ്തു. സത്യൻ കുനിയിൽ,എം.ശ്രീജയൻ ,പി.സി.ദിവാനന്ദൻ, കൃഷ്ണൻ അച്ചമ്പത്ത്, എം പി.. ശ്രീനിവാസൻ ,സുചിത്ര പൊയിൽ, പി.വി.ചന്ദ്രദാസ്, ടി.എ.ലതീപ് എന്നിവർ പ്രസംഗിച്ചു.ദിവ്യജ്യോതിയെ മയ്യഴിയുടെ അതിർത്തിയായ പൂഴിത്തല വരെ നിരവധി വാഹനങ്ങളിലായി ഗുരുഭക്തർ അനുഗമിച്ചു.രാജേഷ് അലങ്കാർ, ജിനദാസ് ,സി.പി. സുധീർ, പി.പി.രാമനാഥൻ, വി.കെ.ഭാസ്‌ക്കരൻ മാസ്റ്റർ, സി.എച്ച്.അനൂപ്, അഡ്വ.പ്രസീന, രഞ്ചിത്ത് പന്നോൽ, കെ.പി.രതീശ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രവിവരണം: ദിവ്യജ്യോതി പ്രയാണത്തിന് മാഹിയിൽ നൽകിയ ഉജ്വല വരവേൽപ്പ്.
ചിത്രം:മാഹി പള്ളിക്ക് വേണ്ടി അസി: വികാരി അനിൽ ജോസ് ദിവ് ജ്യോതിരഥത്തെ വരവേൽക്കുന്നു
കുടുംബസംഗമം
തലശ്ശേരി പ്രസ് ഫോറം കുടുംബ സംഗമം അഡ്വക്കേറ്റ് എ .എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ പ്രസ് ഫോറം പ്രസിഡന്റ് അനീഷ് പാതിരിയാട് അദ്ധ്യക്ഷത വഹിച്ചു തലശ്ശേരി ഡിവൈ.എസ്.പി കെ. വി. വേണുഗോപാൽ മുഖ്യാതിഥിയായി എൻ. പ്രശാന്ത് നവാസ് മേത്തർ, വി. കെ. ജയൻ പൊന്ന്യം കൃഷ്ണൻ, കെ .പി. ഷിജിത്ത് ,എൻ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു