കാസർകോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിധ്വംസക ശക്തികളുമായി ചേർന്ന് കേരളത്തിൽ കലാപത്തിനാണ് ഇടതുവലത് മുന്നണികൾ ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ പറഞ്ഞു. ബി.ജെ.പി. കാസർകോട് ജില്ലാ പ്രവർത്തക ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത പ്രബോധനത്തിനു പകരം മത ഭ്രാന്ത് സൃഷ്ടിക്കാനാണ് കമ്യൂണിസ്റ്റുകാർ ശ്രമിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ഗവർണറടക്കമുള്ളവരുടെ ഭരണഘടനാ അധികാരത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് കേരളത്തിലെ ഇരുമുന്നണികളും സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ , പി. സുരേഷ് കുമാർ ഷെട്ടി, വി.ബാലകൃഷ്ണ ഷെട്ടി, എ. വേലായുധൻ എന്നിവർ പ്രസംഗിച്ചു. പി. രമേശ് സ്വാഗതവും എം. ബൽരാജ് നന്ദിയും പറഞ്ഞു.