തൃക്കരിപ്പൂർ: ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ പ്രതിഷേധം വ്യാപകം. ചെറുമീനുകളെ പിടിക്കുന്നത് നിയമം മുലം തടഞ്ഞിട്ടുണ്ടെങ്കിലും കർശനമായ പരിശോധനകളില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇതിനെതിരെ പ്രതിഷേധസ്വരമുയർത്തുന്നത്.
ഒരു മീറ്ററോളം വലുപ്പം വെക്കാറുള്ള അയക്കൂറകളുടെ കുഞ്ഞുങ്ങങ്ങളെ മത്തിയുടെ വലിപ്പമെത്തുമ്പോഴേയ്‌ക്കും പിടികൂടി മാർക്കറ്റിലെത്തിക്കുന്നുണ്ട്. ഇത്തരം അയക്കൂറക്കുഞ്ഞുങ്ങൾ കഴിഞ്ഞ ദിവസം മാർക്കറ്റിലെത്തിയതോടെ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ പോലും നിശ്ചിത വളർച്ച പ്രാപിച്ചാലെ പിടികൂടാവൂ എന്നാണ് നിയമം. പക്ഷെ ഇതൊന്നും പാലിക്കപ്പെടാറില്ല.
അതിനിടെ മാർക്കറ്റിൽ രാസവസ്തുക്കൾ ചേർത്ത മീനുകളും പഴകിയ മീനുകളും എത്തുന്നുവെന്ന പരാതിയും വ്യാപമായി. മത്തി, നങ്ക് തുടങ്ങിയ വില കുറഞ്ഞ മീനുകൾ ഇപ്പോൾ മാർക്കറ്റിൽ എത്തുന്നുണ്ടെങ്കിലും പഴക്കം കാരണം രുചിയില്ലാത്ത അവസ്ഥയിലാണ്. കൃത്യമായ പരിശോധനയില്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മീനുമായി ഫ്രീസർ ലോറികൾ മാർക്കറ്റിൽ എത്തിത്തുടങ്ങി. അയക്കൂറ,ആവോലി തുടങ്ങിയ മത്സ്യങ്ങൾക്ക് 650 രൂപ മുതൽ 750 രൂപ വരെ വിലയുണ്ട്. അതിനാൽ സാധാരണക്കാർക്ക് രാസവസ്തുക്കൾ കലർത്തിയതെങ്കിലും വില കുറഞ്ഞ മത്സ്യങ്ങൾ തന്നെയാണ് ആശ്രയം.