കണ്ണൂർ: ജില്ലാ ആശുപത്രിയുടെ ഫാർമസിയിലെത്തുന്ന രോഗികളെ ജില്ലാ പഞ്ചായത്തിന്റെ വിത്തുപത്തായം കബളിപ്പിക്കുന്നു. പണം നിക്ഷേപിച്ചാൽ വിത്തു ലഭിക്കുമെന്നാണ് അറിയിപ്പുള്ളതെങ്കിലും പണമിട്ടാൽ വിത്ത് ലഭിക്കുന്നില്ലെന്നാണ് പരാതി. ലക്ഷങ്ങൾ ചിലവഴിച്ച് യന്ത്രം സ്ഥാപിച്ചത് മുതൽ അവസ്ഥ ഇതാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്നാണ് ജില്ലാ ആശുപത്രി ജീവനക്കാർ പറയുന്നു.

നല്ല വിത്തുകൾക്കായുള്ള കർഷകരുടെ നെട്ടോട്ടത്തിനു വിരാമമിട്ട് അത്യുത്പാദന ശേഷിയുള്ള വിത്തുകൾ കർഷകർക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്താണ് മാസങ്ങൾക്ക് മുൻപ് വിത്തു പത്തായം ആരംഭിച്ചത്. എന്നാൽ മെഷീനിനകത്ത് വിത്തു പാക്കറ്റുകൾ കണ്ട് 10 രൂപ നിക്ഷേപിച്ചാലും ഇത് ലഭിക്കില്ല. പണം നിക്ഷേപിച്ചതിനു ശേഷം ആവശ്യമായ വിത്തിന്റെ കോഡ് രേഖപ്പെടുത്തണമെന്നാണ് ഇവിടെ എഴുതി ഒട്ടിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത്, ജില്ലാ ആശുപത്രി, മൃഗാശുപത്രി എന്നിവയ്ക്കു സമീപമാണ് മൂന്നു വിത്തു പത്തായങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. മറ്റിടങ്ങളിലും ഇതുതന്നെയാണ് ഇടയ്ക്കിടെ അവസ്ഥ.

ചിലവിട്ടത് 8.4ലക്ഷം

8.4 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയത്. കരിമ്പം ഫാമിൽ നിന്നാണ് അത്യുത്പാദന ശേഷിയുള്ള വിത്തുകൾ എത്തിക്കുമെന്നായിരുന്നു അറിയിപ്പ്. ചീര, പയർ, വഴുതന, മത്തൻ,- കുമ്പളം തുടങ്ങി പതിനാറ് വിത്തിനങ്ങളാണ് പത്തായത്തിൽ നിന്ന് ലഭിക്കേണ്ടത്. ദിവസേന നിരവധി പേരാണ് വിത്തിനായി പത്തായത്തെ സമീപിച്ച് കബളിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മാർച്ച് ഏഴിനാണു ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപം വിത്ത് പത്തായത്തിന്റെ പ്രവർത്തനം തുടങ്ങിയത്. കൊട്ടിഘോഷിച്ച് തുടങ്ങിയെങ്കിലും പിന്നീട് അധികൃതർക്ക് ഇതിനോടുള്ള താത്പര്യം നിലയ്ക്കുകയായിരുന്നു.