കണ്ണൂർ: 2020ലെ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ഇലക്ടറൽ റോൾ ഒബ്‌സർവർ സഞ്ജയ് കൗൾ ജില്ലയിലെത്തി. പുതിയ വോട്ടർമാരെ ചേർക്കുന്നതിന് വിദ്യാലയങ്ങളിൽ അംബാസഡർമാരെ നിയമിച്ച് പ്രവർത്തിക്കാൻ യോഗത്തിൽ തീരുമാനമായി. ഭിന്ന ശേഷിക്കാരിൽ നിന്നുള്ള പുതിയ വോട്ടർമാരെ ചേർക്കുന്നതിന് അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പ്രത്യേക ക്യാംപുകൾ സംഘടിപ്പിക്കാനും അദ്ദേഹം തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി.

വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവൃത്തി പുരോഗതി ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ അദ്ദേഹം വിലയിരുത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി.

നിലവിലെ കരട് വോട്ടർ പട്ടികയിൽ പലരുടെയും പേരുകൾ ഒഴിവാക്കപ്പെട്ടതായി രാഷ്ട്രീയ കക്ഷി പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.


പരാതി ജനുവരി 15 വരെ

കരട് പട്ടികയിൽ ഒഴിവാക്കപ്പെട്ടവരുടെ പേരു വിവരങ്ങൾ സഹിതം ജനുവരി 15ന് മുമ്പായി ബന്ധപ്പെട്ട തഹസിൽദാർമാർക്ക് തിരുത്തൽ അപേക്ഷ നൽകാൻ ഇലക്ടറൽ റോൾ ഒബ്‌സർവർ നിർദ്ദേശിച്ചു. കരട് വോട്ടർ പട്ടിക താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബിഎൽഒമാർ വശവും പരിശോധനയ്ക്ക് ലഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടലിലും കരട് വോട്ടർ പട്ടിക ലഭ്യമാണ്. പുതുതായി പേര് ചേർക്കാനോ പട്ടികയിലെ വിവരങ്ങൾ മാറ്റം വരുത്താനോ ആക്ഷേപങ്ങൾ ഉന്നയിക്കാനോ ജനുവരി 15 വരെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി കെ ബാബു, പാർട്ടി പ്രതിനിധികളായ പി. പി ദിവാകരൻ, വി മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.