തോട്ടട: ചാല പ്രദേശത്തേയും തോട്ടടയേയും ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദ്ദേശപ്രകാരം പാലക്കാട് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
നിലവിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാണ് ഇരു സ്ഥലത്തേക്കുള്ള യാത്രക്കാർ നടന്നു പോകുന്നത്. ഗവ: പോളിടെക്ക്‌നിക്ക് , ഗവ: ഐടിഐ , എസ്.എൻ കോളേജ് തോട്ടട , എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ , ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ, എന്നീ സ്ഥാപനങ്ങളിലെ വിദ്യർത്ഥികളടക്കം നിരവധി പേർക്ക് നിർദ്ദിഷ്ട റെയിൽവേ ബ്രിഡ്ജ് ഉപകാരപ്പെടും. അലക്ഷ്യമായി പാളങ്ങൾ മുറിച്ചു കടക്കുന്നതിനായി ഒട്ടേറെ അപകടങ്ങൾ ഇവിടെയുണ്ടാകാറുണ്ട്.
കണ്ണൂർ നിയോജക മണ്ഡലത്തിന് സംസ്ഥാന ബഡ്ജറ്റ് ഫണ്ടിൽ നിന്നും അനുവദിച്ച ഫണ്ടിൽ നിന്നും 5 കോടി രൂപ പദ്ധതിക്ക് നീക്കിവച്ചിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പാലക്കാട് റെയിൽവേ അഡീഷണൽ ഡിവിഷണൽ എൻജിനീയർ അനിൽ കുമാർ, സീനിയർ സെക് ഷൻ എൻജിനീയർ എബ്രഹാം, യു ബാബു ഗോപിനാഥ്, കൗൺസിലർമാരായ എൻ.ബാലകൃഷ്ണൻ,പി.കെ. പ്രീത, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഫോട്ടോ. നിർദ്ദിഷ്ടചാല തോട്ടട മിനി റെയിൽവേ ഓവർ ബ്രിഡ്ജ് പദ്ധതി പ്രദേശം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു