പയ്യന്നൂർ: ജനാധിപത്യം ചവിട്ടിമെതിച്ചും മതേതരത്വം തച്ചുതകർത്തും രാജ്യത്ത് മോദി ഭരണം അരങ്ങു തകർക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പയ്യന്നൂർ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുകയാണ്.ഇതിലൂടെ ഭരണം തുടരാനുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്.രാജ്യത്തെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനോ അവർക്ക് വേണ്ടുന്ന സഹായങ്ങളോ ഒന്നും ചെയ്യാതെ കുത്തകകളെ സഹായിക്കാൻ ജനവിരുദ്ധ നടപടികളുമായാണ് മോദി സർക്കാർ മുന്നോട്ടു പോകുന്നത്.രാജ്യം ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്ന ഏക ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കുകയാണ് മോദിയും അമിത് ഷായും ചെയ്യുന്നതെന്നും ദേവരാജൻ പറഞ്ഞു.
എം.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എസ്.മുഹമ്മദ് ഉൽഘാടനം ചെയ്തു. കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, നിർവ്വാഹക സമിതി അംഗം എം.നാരായണൻകുട്ടി ,
എ പി.നാരായണൻ, കെ.ബ്രിജേഷ് കുമാർ, പി.ലളിത, എസ്.ഷുക്കൂർ ഹാജി, ഡി.കെ.ഗോപിനാഥ്, ബി.സജിത് ലാൽ, കെ.വി.കൃഷ്ണൻ, വി.പി.സുഭാഷ്, എം.അബ്ദുള്ള, തുടങ്ങിയവർ പ്രസംഗിച്ചു.