കാസർകോട്; ആദൂർ മിംച്ചിപ്പദവിൽ പരിസ്ഥിതി പ്രവർത്തകരും ചെങ്കൽ ക്വോറി ഉടമകളും തമ്മിലുണ്ടായ സംഘട്ടനത്തിൽ സ്ത്രീകളുൾപ്പെടെ പതിനാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ ആദൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പരിക്കേറ്റ പരിസ്ഥിതി പ്രവർത്തകരായ കിന്നിംഗാർ ബമ്പത്തടുക്കയിലെ ആലിക്കുഞ്ഞി(32), റഷീദ്(34), ഉളിയത്തടുക്കയിലെ അജീഷിന്റെ ഭാര്യ ഹർഷ(27) എന്നിവർ കാസർകോട്ടെ സ്വകാര്യാശുപത്രിയിലും മിംച്ചിപ്പദവിലെ രാധാകൃഷ്ണൻ(58), ടെമ്പോ ഡ്രൈവർ പടിയത്തടുക്കയിലെ അബ്ദുൽഖാദർ(47), ഡ്രൈവർ കുണ്ടാറിലെ സുനിൽകുമാർ(30), മിംച്ചിപ്പദവിലെ മേഘരാജ്(20), ഏത്തടുക്കയിലെ ഉമേഷ്(22),കൈത്തോട്ടിലെ അബ്ദുൽ റഹ്മാൻ(35), മിംച്ചിപ്പദവിലെ പുരുഷോത്തമന്റെ ഭാര്യ ചന്ദ്രാവതി(40), വാരിജാക്ഷി(60), ജഗദീഷിന്റെ ഭാര്യ ബേബി(45), രാധാകൃഷ്ണന്റെ ഭാര്യ ഇന്ദിര(41), അപ്പക്കുഞ്ഞിയുടെ ഭാര്യ ഗോപി(50)എന്നിവർ ചെങ്കള ഇ. കെ. നായനാർ ആശുപത്രിയിലും ചികിത്സ തേടി.

മിംച്ചിപ്പദവിൽ ഇരുപതോളം ചെങ്കൽക്വാറികൾ പ്രവർത്തിക്കുന്നതായി ഹർഷയ്‌ക്ക് ഒരു സുഹൃത്ത് വിവരം നൽകിയിരുന്നു. ഇതേ തുടർന്ന് ഹർഷ ആലിക്കുഞ്ഞിയെയും റഷീദിനെയും കൂട്ടി മിംച്ചിപ്പദവിലെത്തി. വിവരമറിഞ്ഞ് പരിസ്ഥിതി സമിതിയുടെ ജില്ലാപ്രസിഡന്റ് ടി വി രാജേന്ദ്രൻ, സെക്രട്ടറി വി കെ വിനയൻ, വൈസ് പ്രസിഡന്റ് പി കൃഷ്ണൻ, ജില്ലാകമ്മിറ്റിയംഗം വി വിജയലക്ഷ്മി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ചെങ്കൽക്വാറികൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച പരിസ്ഥിതി പ്രവർത്തകരെ ക്വാറി ഉടമകളുടെ ആളുകളും നാട്ടുകാരായ മറ്റുചിലരും ചേർന്ന് മർദിച്ചുവെന്നാണ് പരാതി.

എന്നാൽ രാധാകൃഷ്ണന്റെ വീട്ടിലെത്തിയ പരിസ്ഥിതി പ്രവർത്തകരിൽ ചിലർ ചെങ്കൽക്വാറികൾ പ്രവർത്തിക്കണമെങ്കിൽ ഒരുലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടുവെന്നും ഇതിന് വിസമ്മതിച്ചപ്പോൾ അക്രമം നടത്തുകയായിരുന്നുവെന്നും ക്വാറി ഉടമകളുമായി ബന്ധപ്പെട്ടവരും ആരോപിച്ചു. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.