 പ്രസംഗം മുഴുപ്പിക്കാതെ ഗവർണർ വേദി വിട്ടു  ആക്രോശിച്ച് ചരിത്രകാരൻ ഇർഫാൻ ഹബീബ്

കണ്ണൂർ: വേദിയിലും സദസ്സിലുമുള്ള ചിലർ ജനാധിപത്യ മര്യാദയുടെ പരിധി ലംഘിച്ച് നടത്തിയ പ്രതിഷേധം കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടന

ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അവഹേളിക്കുന്നതിൽ കലാശിച്ചു. ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കാതെ, തന്റെ വായടപ്പിക്കാമെന്നു കരുതേണ്ടെന്നു പറഞ്ഞ് ഗവർണർ വേദി വിടുകയും ചെയ്തതോടെ സമ്മേളനം അലങ്കോലപ്പെടുകയും ചെയ്തു.പൗരത്വ നിയമത്തെ അനുകൂലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസംഗമാണ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ അതിരുവിട്ട പ്രതിഷേധത്തിന് ഇടയാക്കിയത്.

സർവകലാശാലാ കാമ്പസിൽ ഇന്നലെ രാവിലെയാണ് സംഭവം.

ഗവർണറെ വേദിയിലിരുത്തി കെ.കെ.രാഗേഷ് എം.പി ഉൾപ്പെടെ പൗരത്വ ഭേദഗതിക്കെതിരെ വിമർശനമുന്നയിച്ച ചടങ്ങിൽ തന്റെ ഊഴമെത്തിയതോടെ അദ്ദേഹം തുറന്നടിക്കുകയായിരുന്നു. പ്രതിഷേധിച്ച ജെ.എൻ.യു, അലിഗഡ്, ജാമിയ മിലിയ സർവകലാശാലയിൽ നിന്നുള്ള പ്രതിനിധികളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു നീക്കി. വേദിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗവർണർക്കു നേരെ അക്രോശിച്ചു കൊണ്ടെത്തി.

. എഴുതി തയ്യാറാക്കിയ പ്രസംഗം കരുതിയിട്ടുണ്ടെങ്കിലും ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണെന്നു പറഞ്ഞ് പൗരത്വ നിയമത്തിന്റെ പേരിൽ തനിക്ക് വിമർശനം നേരിട്ടതിനെപ്പറ്റി വിശദീകരിക്കുയായിരുന്നു.

ഗവർണർ പറഞ്ഞത്

'ഇരുപത്തിയാറാമത്തെ വയസ്സിൽ പാർലമെന്റേറിനായ എനിക്ക് രാഷ്ട്രീയ സ്വഭാവമുള്ള വിഷയങ്ങൾ ഉയർന്നുവരുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ഭരണഘടനയെ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഗവ‌ണറായത്. പൗരത്വ നിയമത്തിൽ എന്നെ സംബന്ധിച്ച് എന്റെ വീക്ഷണമാണ് ശരി. എതിർക്കുന്നവർക്ക് അവരുടെ വീക്ഷണവും. പരിഹാരമുണ്ടാകണമെങ്കിൽ ഇരുകൂട്ടരും ചർച്ച നടത്തണം".

പ്രതിഷേധത്തിന്റെ തുടക്കം

ഗവർണർ തന്റെ വീക്ഷണത്തെ ന്യായീകിച്ചതോടെ ഒന്നാം നിരയിൽ നിന്ന് കറുത്ത കോട്ടിട്ട യുവാവ് പ്രതിഷേധവുമായി വേദിക്ക് മുന്നിലെത്തി. ഇതിനിടെ പ്ളക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിനിധികളിൽ കുറേപ്പേരും എഴുന്നേറ്റു. പൊലീസ് പ്രതിഷേധക്കാരെ നീക്കാൻ ശ്രമിച്ചപ്പോൾ, അവർക്ക് പ്രതിഷേധിക്കാനും തനിക്ക് സംസാരിക്കാനും അവകാശമുണ്ടെന്ന് ഗവർണർ പറഞ്ഞു.

ഗാന്ധിജി കൊല്ലപ്പെടും മുമ്പ് എതിർത്തവരെ മൂന്നുവട്ടം ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നിട്ടും അവർ തയ്യാറായില്ല. പാകിസ്ഥാനി ക്രിക്കറ്റർ ഡാനിഷ് കനേറിയയ്ക്ക് അവിടെ തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നത് ഹിന്ദുവായതു കൊണ്ടാണെന്നാണ് വായിച്ചതെന്ന് ഗവർണർ പറഞ്ഞപ്പോൾ മുൻനിരയിലുണ്ടായ പ്രതിനിധികൾ വീണ്ടും എഴുന്നേറ്റ് മുദ്രാവാക്യം മുഴക്കി. ഇതു പാക്കിസ്ഥാനല്ല, ഇന്ത്യയാണെന്ന് ചിലർ വിളിച്ചു പറഞ്ഞു.

ഇതിനിടെ ഇർഫാൻ ഹബീബ് ഗവർണർക്കരികിലെത്തി 'ഇത്തരത്തിലാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ഗാന്ധിജിയെ അല്ല, ഗോഡ്സെയാണ് ഉദ്ധരിക്കേണ്ടത്" എന്നാവശ്യപ്പെട്ടു. ഇർഫാനെ കണ്ണൂർ സർവകലാശാലാ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനുൾപ്പെടെയുള്ളവർ പിന്തിരിപ്പിച്ചെങ്കിലും അദ്ദേഹം ആക്രോശം തുടർന്നു. പ്രതിഷേധം കനത്തപ്പോൾ ഗവർണർ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

പ്രതിഷേധക്കാരെ പൊലീസ് പിടികൂടിയെങ്കിലും അപ്പോൾ തന്നെ വിട്ടയച്ചു. നേരത്തേ ഗവർണറെ കരിങ്കൊടി കാണിച്ച ഏഴ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.