കണ്ണൂർ: ഇന്ത്യൻ ചരിത്ര കോൺഗ്രസ്‌ അലങ്കോലമാക്കും വിധം പ്രതിനിധികൾ ഉൾപ്പടെയുള്ള ഒരു വിഭാഗം പൗരത്വ ഭേദഗതിയെ ചൊല്ലി പ്രതിഷേധിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അമർഷം രേഖപ്പെടുത്തി. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് അമർഷവും ആശങ്കയും അറിയിച്ചത്. വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട ഗവർണർ ഉദ്ഘാടന വേദിയിലെയും സദസ്സിലെയും വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാനും നിർദ്ദേശിച്ചു.

വിവാദ പരാമർശം താൻ ഉദ്ദേശിച്ചതല്ല, ഭരണഘടന ആക്രമിക്കപ്പെടുന്നുവെന്ന് കുറ്റപ്പെടുത്തിയപ്പോഴാണ് പ്രതികരിക്കേണ്ടി വന്നത്. അതുകൊണ്ടാണ് എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയത്. ഭരണഘടന തകരുന്നുവെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.

കെ.കെ. രാഗേഷ് എം.പിയുടെ പ്രസംഗം നീണ്ടുപോകുമ്പോൾ വൈസ് ചാൻസലർ ഉചിതമായി ഇടപെട്ടില്ലെന്നും ഗവർണർക്ക് പരാതിയുണ്ട്. ഇതിലും അതൃപ്തി രേഖപ്പെടുത്തിയതായാണ്‌ സൂചന.