അക്രമികൾ പുറത്തുനിന്നും എത്തിയവർ

നീലേശ്വരം: പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേൽക്കാനിടയായ നീലേശ്വരത്തെ ആർ.എസ്.എസ് പഥസഞ്ചലനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 200 ആർ.എസ്.എസ്- സി.പി.എം പ്രവർത്തകരുടെ പേരിൽ നീലേശ്വരം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

പൊലീസിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെ പഥസഞ്ചലനം നടത്തിയതിന് 100 ഓളം ആർ.എസ്.എസ് പ്രവർത്തകരുടെ പേരിലും പഥസഞ്ചലനം നടത്തിയവർക്കുനേരേ കല്ലേറും അക്രമവും നടത്തിയതിന് 50 ഓളം സി.പി.എം പ്രവർത്തകരുടെ പേരിലും സംഭവത്തിനിടയിൽ പൊലീസിനെ ആക്രമിച്ചതിന് 50 ഓളം ആർ.എസ്.എസ് പ്രവർത്തകരുടെ പേരിലുമാണ് കേസ്.

കല്ലെറിഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷം ഒതുക്കാൻ പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നിരുന്നു. ആർ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായായി നഗരത്തിൽ നടത്തിയ പഥസഞ്ചലനം ഒരു സംഘം തടഞ്ഞതോടെയാണ് കല്ലേറുണ്ടായത്.

രാജാസ് സ്കൂൾ മൈതാനത്ത് നിന്നും ആളുകളെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ച സമയത്താണ് പൊലീസിന് നേരെ അക്രമം ഉണ്ടായത്. കല്ലേറിൽ ഡിവൈ.എസ്.പി പി.കെ സുധാകരൻ, നീലേശ്വരം സി.ഐ എ.എം മാത്യു, മൂന്ന് പൊലീസുകാർ എന്നിവർക്ക് പരിക്കേറ്റിരുന്നു. കല്ലേറിൽ 15 പ്രവർത്തകർക്ക് പരിക്കേറ്റതായി ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയെങ്കിലും അക്രമം തുടർന്ന സാഹചര്യത്തിൽ ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിച്ചതോടെയാണ് അക്രമം ഒതുങ്ങിയത്.