കാസർകോട്: ആർ.എസ്.എസ് അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇന്നലെ വൈകീട്ട് നടത്തിയ പ്രകടനം തുടങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലം പൊലീസ് ഇടപെട്ട് മാറ്റിപ്പിച്ചു.
ടൗണിന് കിഴക്കുമാറി കോൺവെന്റ് ജംഗ്‌ഷൻ പരിസരത്ത് നിന്നും ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചിരുന്നത്. പ്രകടനം കടന്നുപോകുന്നതിനിടെ റെയിൽവെ ഓവർബ്രിഡ്ജിന് മുകളിൽ നിന്നും വീണ്ടും കല്ലേറ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇത് തടയുകയും പ്രകടനം ബസ് സ്റ്റാൻഡിൽ നിന്നു തുടങ്ങി മാർക്കറ്റ് ജംഗ്‌ഷനിൽ അവസാനിപ്പിക്കുന്നതിന് നിർദ്ദേശം നൽകുകയുമായിരുന്നു. രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ.പി സുധാകരനും ഇടപെട്ടാണ് സ്ഥലം മാറ്റാൻ നിർദ്ദേശം നൽകിയത്.
അതേസമയം നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ആർ.എസ്.എസ് ക്യാമ്പ് തുടരുകയാണ്. മൂന്ന് ദിവസത്തെ ക്യാമ്പ് ഇന്നു രാവിലെയാണ് സമാപിക്കുക.
സംഘർഷ സാധ്യത കണക്കിലെടുത്തു നീലേശ്വരം നഗരം പൊലീസ് വലയത്തിലാണ്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരൻ, എസ്.എം.എസ് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായക്ക്, കാസർകോട് എസ്.എസ്.ബി ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ, സി.ഐമാരായ എ.എം മാത്യു, ബാബു പെരിങ്ങേത്ത്, കെ. വിനോദ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് നഗരത്തിൽ ക്യാമ്പ് ചെയ്താണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്.