മട്ടന്നൂർ: മട്ടന്നൂർ - തലശേരി റോഡിൽ പഴശിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പഴശിരാജ സ്മൃതി മന്ദിരത്തിന്റെയും സ്പെഷ്യൽ ബഡ്സ് സ്കൂളിന്റെയും മതിൽ ഇടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. മൈസൂരിൽ നിന്ന് പാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ യാ ണ് റോഡരികിലെ വൈദ്യുതി തൂൺ ഇടിച്ചു തകർത്ത ശേഷം സ്മൃമൃതി മന്ദിരത്തിന്റെയും ബഡ്സ് സ്കൂളിന്റെയും മതിലിൽ ഇടിക്കുകയായിരുന്നു.

മതിലിന് പുറമെ ഗ്രിൽസും നെയിംബോർഡുകളും തകർന്നു. സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ട രണ്ടു ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. തൂൺ തകർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു. പാനൂർ സ്വദേശിയാണ് ഇന്നോവ ഓടിച്ചിരുന്നത്.ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. വൈദ്യുതിലൈനുകൾ തകർന്ന് റോഡിൽ വീണതിനെ തുടർന്ന് മട്ടന്നൂർ - ഉരുവച്ചാൽ റൂട്ടിൽ ഏറെ നേരം ഗതാഗതം നിലച്ചു.

അപകടത്തിന്റെ ശബ്ദം കേട്ട് എത്തിയ പരിസരവാസികളാണ് ഇന്നോവയിൽ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അപകടം നടന്ന ഉടൻ വൈദ്യുതി ബന്ധം വിഛേദിച്ചു. അപകടത്തിൽ ഇന്നോവയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.

പടം -ഉരുവച്ചാൽ പഴശിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പഴശിരാജ സ്പെഷ്യൽ ബഡ്സ് സ്കൂളിന്റെ മതിൽ ഇടിച്ചു തകർത്ത നിലയിൽ