കാസർകോട്: ആശുപത്രിയിൽ നിന്നും നവജാത ശിശുവുമായി മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.

മാവിനക്കട്ടെയിലെ ലത്വീഫിന്റെ ഭാര്യ സാബിറ (34), ഭർതൃപിതാവ് ഹസൈനാർ (71), ഭാര്യ ആയിശ (62), സാബിറയുടെ മൂത്തമകൻ മുഹമ്മദ് സാബിർ (10), കാർ ഡ്രൈവർ രവി (34) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു ദിവസം മുമ്പാണ് സാബിറ ജനറൽ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലേക്ക് പോകുമ്പോൾ നെല്ലിക്കട്ടയിൽ വെച്ചാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുണിയിൽ പൊതിഞ്ഞ് അമ്മയുടെ മടിത്തട്ടിലായിരുന്നതിനാലാണ് നവജാത ശിശു രക്ഷപ്പെട്ടത്.