മാതമംഗലം: കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയാകാൻ ഹരി ദാസൻ പെരുവണ്ണാന് നിയോഗം. ഇന്നലെ നടന്ന വരച്ചുവെക്കൽ രാശിയിൽ കോലധാരിയായി ഇദ്ദേഹത്തെ തെളിയുകയായിരുന്നു.
കടന്നപ്പള്ളി സ്വദേശിയായ ഇദ്ദേഹം കടന്നപ്പള്ളി മുച്ചിലോട്ട് കാവിൽ 7 തവണ മുച്ചിലോട്ട് ഭഗവതി കെട്ടിയാടിയിട്ടുണ്ട്. വെള്ളോറയിലെ വിനോദ് ജ്യോത്സ്യനായിരുന്നു പ്രശ്‌നചിന്തനം ചെയ്തത്.
ജനുവരി 2 നു വൈകിട്ട് കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടു വരുന്നതോടെ കളിയാട്ടത്തിനു തുടക്കമാകും.ജനുവരി 3 നു രാത്രി നാടകം സുപ്രീം കോർട്ട്. ജനുവരി 4ന് വണ്ണാൻ കൂത്ത്, ചങ്ങനും പൊങ്ങനും.വൈകിട്ട് മംഗലക്കുഞ്ഞുങ്ങളോട് കൂടിയ തോറ്റം കൂടിയാട്ടം. കളിയാട്ട ദിനങ്ങളിൽ തലച്ചിറവൻ ദൈവം,പുലിയൂർ കണ്ണൻ,നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, കണ്ടോറ ചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും.സമാപന ദിവസമായ ജനുവരി 5 നു ഉച്ചക്ക് 2 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.