കൂത്തുപറമ്പ്: പാതിരിയാട് ലെനിൻ സെന്ററിന് സമീപം രണ്ട് വൃദ്ധരെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിണറായി എസ്.ഐ. പി.വി.ഉമേഷിന്റെ നേതൃത്വത്തിലാണ് വിശദമായ അന്വേഷണം നടക്കുന്നത്.

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ശങ്കരനെല്ലൂർ വീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ ശ്രീനിലയത്തിൽ എളഞ്ചേരി നാണു, നാണുവിന്റെ ഭാര്യാ മാതാവിന്റെ സഹോദരി മാത എന്നിവരെ നാണുവിന്റെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നാണു വീടിന്റെ ഹാളിൽ തൂങ്ങിയ നിലയിലും മാത ഹാളിൽ തന്നെ തറയിൽ കിടക്കുന്ന നിലയിലുമായിരുന്നു. മാതയെ കൊലപ്പെടുത്തിയശേഷം നാണു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാതയുടെ ശരീരത്തിൽ മുറിവേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെയുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ.

ഇരുവരും തമ്മിൽ എന്തെങ്കിലും തർക്കങ്ങളും മറ്റും ഉണ്ടായിരുന്നോയെന്ന കാര്യം ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ കെ.വി ഉമേശന്റെ നേതൃത്വത്തിൽ പിണറായി പൊലീസും കണ്ണൂരിൽ നിന്നും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വ്യാഴാഴ്ച തന്നെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. വരുംദിവസങ്ങളിൽ ബന്ധുക്കളിൽനിന്നും മൊഴിയെടുക്കും.