ഇന്ത്യയിൽ മാദ്ധ്യമ സ്വാതന്ത്ര്യം വംശനാശ ഭീഷണിയിലാണെന്ന് പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ എൻ. റാം അഭിപ്രായപ്പെട്ടു. കണ്ണൂർ സർവകലാശാലയിൽ ആരംഭിച്ച ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ എസ് സി മിശ്ര സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാൽപത് വർഷം മുമ്പ് ഇന്ത്യ മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ അസൂയാവഹമായ അവസ്ഥയിലായിരുന്നു. പക്ഷേ, ഇന്ന് പക്ഷെ അത് പരമ ദരിദ്രമായ അവസ്ഥയിലും.

അമിതമായ വാണിജ്യവത്കരണവും താല്പര്യങ്ങളുടെ സംഘർഷവും മാദ്ധ്യമ സ്വാതന്ത്ര്യം ഒരു മിത്ത് ആക്കി മാറ്റുകയാണ്. ഇന്ത്യൻ മാദ്ധ്യമങ്ങളിൽ ഗണ്യമായ വിഭാഗവും അഴിമതി നിറഞ്ഞതോ അഴിമതിക്ക് വഴങ്ങുന്നതോ ആണെന്നാണ് 'കോബ്ര പോസ്റ്റ്' നടത്തിയ അണ്ടർ കവർ അന്വേഷണത്തിൽ കണ്ടെത്തിയത്. പാനൽ ചർച്ചകളുടെ പേരിൽ അട്ടഹാസങ്ങളാണ് നടക്കുന്നത്. അവതാരകരും റിപ്പോർട്ടർമാരും അവരുടെ പ്രൊപ്പഗണ്ട നടപ്പിലാക്കുകയാണ് . ഇവ പതിൻമടങ്ങ് ഉച്ചത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഫലിക്കുന്നത് സമകാലിക രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുണ്ട്.
മാദ്ധ്യമങ്ങൾക്ക് നേരെ പ്രമുഖരായ രാഷ്ട്രീയ പാർട്ടികളുടെ തുറന്ന ആക്രമണം പതിവായിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെ തുടർച്ചയായ ട്രോളുകൾ ഇറങ്ങുന്നത് ഇതിന്റെ തുടർച്ചയാണ്. മാദ്ധ്യമങ്ങൾക്ക് നേരെയുള്ള തുടർച്ചയായ മാനനഷ്ട കേസുകളും വേട്ടയാടലിന്റെ സ്വഭാവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ജനറൽ പ്രസിഡന്റ് പ്രൊഫ. അമിയ ബാഗ്ചി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സെക്രട്ടറി പ്രൊഫ. മഹാലക്ഷ്മി രാമകൃഷ്ണൻ സ്വാഗതവും പ്രൊഫ. ഇർഫാൻ ഹബീബ് നന്ദിയും പറഞ്ഞു.