ചെറുവത്തൂർ: ജില്ലയിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്ന പദ്ധതിയാണ് തടയണ മഹോത്സവമെന്നും നഷ്ടപ്പെട്ട ജീവജലം തിരിച്ചുപിടിക്കാനുള്ള പ്രാദേശിക കൂട്ടായ്മയാണ് തടയണ മഹോത്സവമെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. പീലിക്കോട് ഗ്രാമപഞ്ചായത്തിലെ പാടിക്കീൽ പള്ളിക്കണ്ടം തോടിന് സമീപം തടയണ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
12 നദികളുള്ള ജില്ലയിൽ വേനൽ കടുക്കുന്നതോടെ വരൾച്ച രൂക്ഷമാകുന്ന പ്രതിസന്ധിയാണ് നാം ആദ്യം മറികടക്കേണ്ടതെന്ന് കളക്ടർ പറഞ്ഞു.
തടയണ മഹോത്സവത്തിലുടെ ജില്ലയിലെ 777 വാർഡുകളിലും 10 തടയണ വീതം നിർമ്മിക്കും. ഇതിന്റെ ആദ്യ ഭാഗമായി 6500 തടയണകളാണ് നിർമ്മിക്കുക. ജില്ലയിലെ 12 നദികളിൽ ഒന്നിൽ മാത്രമാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിലവിലുള്ളത്. മറ്റ് 11 നദികളിൽ കൂടി റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
പീലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ അധ്യക്ഷനായി. കൺവീനർ പി.വി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് വികസന പാക്കേജ് സ്‌പെഷൽ ഓഫീസർ ഇ.പി. രാജ് മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം. കുഞ്ഞിരാമൻ, എം.ടി.പി മൈമുനത്ത് പീലിക്കോട് പഞ്ചായത്ത് വാർഡ് മെമ്പർമാരായ പി. ശാന്ത, ടി.പി രാഘവൻ എന്നിവർ സംസാരിച്ചു. പീലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രമേശൻ സ്വാഗതവും കൃഷി ഓഫീസർ പി.ഡി ജലേശൻ നന്ദിയും പറഞ്ഞു.
64 കിണറുകളിൽ ജലത്തിന്റെ അളവ് കൂടി
ജില്ലയിൽ ഇതിനകം ആരംഭിച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫലപ്രാപ്തി ഉണ്ടെന്നതിന് തെളിവാണ് ജില്ലയിലെ നിരീക്ഷണ കിണറുകളിലെ ജലത്തിന്റെ അളവ് കൂടിവരുന്നത്. 65 നിരീക്ഷണ കിണറുകളിൽ 64 എണ്ണത്തിലും ജലത്തിന്റെ അളവ് മുൻവർഷത്തേക്കാൾ കൂടിയിട്ടുണ്ട്. 20 സെന്റീമീറ്റർ മുതൽ 12 മീറ്ററോളം ജലം കിണറുകളിൽ ഉയർന്നിട്ടുണ്ട്.
തടയണ ഗാനം
തടയണ മഹോത്സവത്തിന് ഊർജമേകാൻ ജില്ല ഭരണകൂടത്തിന്റെ തടയണ ഗാനം. തടയണ നിർമ്മാണത്തിന് ആഹ്വാനം നൽകുന്ന കന്നഡ ഗാനം ജനങ്ങൾക്ക് നൽകിയാണ് ജില്ലാ കളക്ടർ തടയണ ഉത്സവം ഉദ്ഘാടനം ചെയ്തത്. ജില്ല കളക്ടറിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായ കെ.പി ഷേർലിയാണ് കന്നഡത്തിലും മലയാളത്തിലുമുള്ള ഗാനം ആലപിച്ചിരിക്കുന്നത്. കളക്ട്രേറ്റിലെ ക്ലർക്കായ ലീലാവതിയാണ് കന്നഡയിലുള്ള ഗാനം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതിരിക്കുന്നത്. ജനുവരി 4 വരെ ഈ ഗാനം മൊബൈൽ റിംഗ്‌ടോണാക്കാനും കളക്ടർ ഡോ. ഡി.സജിത് ബാബു ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ പീലിക്കോട് ഗ്രാമപഞ്ചായത്തിലെ പാടിക്കീൽ പള്ളിക്കണ്ടം തോടിൽ നടന്ന തടയണ നിർമ്മാണം