ന്യൂമാഹി: ജാതിമത വർഗ്ഗീയത തീവ്രവാദ ശക്തികൾ വളർന്ന് വരുന്ന ഇക്കാലത്ത് ഗുരു സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും മനുഷ്യ ജാതിയായി നമുക്ക് ജീവിക്കാൻ കഴിയണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ഏടന്നൂർ ശ്രീനാരായണമഠം സംഘടിപ്പിച്ച കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണവും പുനർവായനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീ വിരുദ്ധ വ്യവസ്ഥിതിയോട് ആശാനുണ്ടായിരുന്ന പ്രതിഷേധം സീതയിൽ വ്യക്തമായി കാണാൻ നമുക്ക് കഴിയും. സ്ത്രീകൾ അങ്ങേയറ്റം അടിച്ചമർത്തപ്പെട്ട ഒരു കാലത്ത് സ്ത്രീ പുരുഷ തുല്യതയുടെ സന്ദേശമാണ് സീത ഉയർത്തുന്നതെന്നും എം.വി.ജയരാജൻ പറഞ്ഞു. സാഹിത്യ നിരൂപകൻ കെ.വി.സജയ്,ഗുരുസാഗരം മാസിക പത്രാധിപർ സജീവ് കൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി.
55 വർഷം ശാന്തി പ്രവർത്തനം നടത്തിയ സി.വാസുവിനെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.പ്രശാന്തൻ, വാർഡംഗം കെ.പ്രീജ, സെക്രട്ടറി ടി.രാഘവൻ എന്നിവർ പ്രസംഗിച്ചു.
ഏടന്നൂർ ശ്രീ നാരായണ മഠത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്ദി ആഘോഷം എം.വി.ജയരാജൻ ഉൽഘാടനം ചെയ്യുന്നു