sdpi
sdpi, election, bjp, cpm, support udf in thiruvanathapuram, trissur, pathanamthitta,

കാസർകോട്: കർണ്ണാടകയിൽ എസ്. ഡി. പി. ഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കാൻ ബി. ജെ. പി. സർക്കാർ നീക്കം തുടങ്ങി. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന. മംഗളുരുവിൽ പൗരത്വ ബില്ലെനെതിരായ സമരത്തിന്റെ മറവിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർണാടകയിൽ എസ് ഡി പി ഐ യെ നിരോധിക്കണമെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീലും ബി. ജെ. പി. മന്ത്രിമാരും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പ ഇക്കാര്യത്തിൽ അടിയന്തിര നടപടിക്ക് ഒരുങ്ങുന്നത്.

മംഗളുരു സംഭവത്തിന് പിന്നിൽ എസ്. ഡി. പി ഐയും പോപ്പുലർ ഫ്രണ്ടും ആണെന്നും ഇവരുടെ ബന്ധം സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നുവെന്നും നളിൻ കുമാർ വ്യക്തമാക്കിയിരുന്നു. കശ്മീർ മാതൃകയിലുള്ള അക്രമമാണ് ഇവർ മംഗളൂരുവിൽ നടത്തിയതെന്നും ബി. ജെ. പി ആരോപിക്കുന്നു. ബംഗളുരു. മംഗളുരു, മൈസൂർ എന്നിവിടങ്ങളിൽ എസ്. ഡി. പി ഐക്ക് നല്ല സ്വാധീനമുണ്ട്. ഇക്കഴിഞ്ഞ 19 ന് ആണ് മംഗളുരു നഗരത്തിൽ വ്യാപകമായ അക്രമം ഉണ്ടാവുകയും പൊലീസ് വെടിവയ്‌പിൽ രണ്ടു പേർ മരിക്കുകയും ചെയ്തത്.

കർണ്ണാടകയിൽ പൊലീസ് രഹസ്യാനേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലും സംഘടനകൾക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. മംഗളുരു സംഭവത്തിൽ കർണ്ണാടക സി. ഐ. ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ല