പയ്യന്നൂർ: കോൽക്കളിക്കൊപ്പം പിഴയ്ക്കാത്ത ചുവടുകളുമായി ചിത്രവല നെയ്ത് 212 വിദ്യാർത്ഥികൾ കടന്നു കയറിയത് ലോക റെക്കാർഡിലേക്ക്. പയ്യന്നൂർ ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് യു.ആർ.എഫ്, ഏഷ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്, ഇന്ത്യൻ റെക്കാർഡ് ബുക്ക്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കാർഡ്‌സ് എന്നിവയ്‌ക്ക് ഉടമകളായത്. സ്‌കൂൾ എസ്.പി.സി, എൻ.എസ്.എസ് കേഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു ചരടുകുത്തി കോൽക്കളിയുടെ അവതരണം. കെ.ശിവകുമാറിന്റെ ശിക്ഷണത്തിൽ മൂന്നുമാസത്തെ പരിശീലനത്തിന് ശേഷമാണ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ ജനമനസുണർത്തി അരങ്ങേറ്റം കുറിച്ചത്.

ടി.വി. രാജേഷ് എം.എൽ.എ ഭദ്രദീപം കൊളുത്തി. ടി.ഐ. മധുസൂദനൻ ഉപഹാരങ്ങൾ സമ്മാനിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. അരങ്ങേറ്റം വിലയിരുത്തിയ യു.ആർ.എഫ് ജൂറി ഗിന്നസ് സുനിൽ ജോസഫ് ലോക റെക്കോർഡ് പ്രഖ്യാപനം നടത്തി. ഗിന്നസ് പ്രജീഷ് കണ്ണൻ സാക്ഷ്യപത്ര സമർപ്പണം നടത്തി. ജോയിന്റ് എക്‌സൈസ് കമ്മീഷണർ പി.കെ.സുരേഷ്, ഡി.വൈ.എസ്.പി. ടി.കെ. രത്‌നകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീൻ, പി. സന്തോഷ്, ഫോക് ലോർ അക്കാദമി, സംഗീത നാടക അക്കാദമി, പൂരക്കളി അക്കാദമി, ഫോക് ലാൻഡ് പയ്യന്നൂർ തുടങ്ങിയവയുടെ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
2015 സ്ഥാപിച്ച 100 പേർ ചേർന്നുനടത്തിയ ചരടുകുത്തി കോൽക്കളിയുടെ ഏഷ്യൻ ബുക്ക് ഓഫ് റെക്കാർഡ്‌സാണ് ഞായറാഴ്ച കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ തിരുത്തിയത്.