കണ്ണൂർ: ഡിസംബർ 20ന് ആരംഭിച്ച ദേശീയ സരസ് മേളയ്ക്ക് ഇന്ന് അർദ്ധരാത്രി കൊടിയിറങ്ങും. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന 300 ലേറെ സംരംഭകർക്ക് നാളിതുവരെ ഒരു മേളയിൽ നിന്നും ലഭിക്കാത്തത്ര വിറ്റ് വരവാണ് ആന്തൂർ ഗ്രാമം സരസിന് നൽകിയത്. ഇതിന്റെ സന്തോഷം പങ്കിടാനായി സരസിനെ ഡിസ്‌കൗണ്ട് മേളയായി മാറ്റണമെന്ന സംരംഭകരുടെ ആവശ്യപ്രകാരം 31ന് സ്‌പെഷ്യൽ ഡിസ്‌കൗണ്ട് സരസ് ആഘോഷിക്കുവാൻ തീരുമാനിച്ചതായി ജെയിംസ് മാത്യു എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ പത്തുദിവസം കൊണ്ട് 7.75 കോടി മറികടന്ന സാഹചര്യത്തിൽ സരസ് അവസാനിക്കുമ്പോഴേക്കും 9 കോടിയിലധികം വിറ്റുവരവ് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ സരസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്നനേട്ടമായിരിക്കും ഇത്. ഇന്ത്യൻ ഫുഡ് കോർട്ടിൽ മാത്രം പത്തുദിവസത്തിനുള്ളിൽ 75 ലക്ഷത്തിന്റെ വിറ്റുവരവ് നേടാൻ കഴിഞ്ഞു. മേള അവസാനിക്കുമ്പോൾ ഇത് ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ. ഈ മേഖലയിലും കഴിഞ്ഞ കുന്നംകുളം സരസിന്റെ 81 ലക്ഷം മറികടന്ന് സർവ്വകാല റെക്കോർഡ് വില്പന നേടും.
സമാപനസമ്മേളനം രാത്രി പത്തിന് സംഘടിപ്പിക്കും. സരസിന്റെ വിജയത്തിൽ പങ്കാളികളായ മികച്ച വിറ്റുവരവ് നേടിയ സ്റ്റാൾ, മികച്ച വിറ്റുവരവ് നേടിയ അന്യസംസ്ഥാന സ്റ്റാൾ, ഏറ്റവും മികച്ച ഫുഡ് കോർട്ട്, സംഘാടനത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച കുടുംബശ്രീ ജില്ലാ മിഷൻ ടീം, ജില്ലയിലെ 81 സി.ഡി.എസ് ചെയർപേഴ്‌സൺമാർ, ശുചിത്വരംഗത്ത് മാതൃകാപ്രവർത്തനം നടത്തിയ ഹരിതകർമസേന, മേളയ്ക്ക് ഗ്രൗണ്ട് അനുവദിച്ച കണ്ണൂർ എൻജിനീയറിംഗ് കോളജ് അധികൃതർ എന്നിവരെ പ്രത്യേകം ആദരിക്കും. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനുവരി ഒന്നിന് സ്വീപ് വീക്ക് എന്ന പേരിൽ ശുചീകരണപ്രവർത്തനവും നടത്തും. സരസിന്റെ ഭാഗമായി ജില്ലയിൽ സ്ഥാപിച്ച മുഴുവൻ പ്രചരണ സാമഗ്രികളും അതോടൊപ്പം ഗവ. എൻജിനിയറിങ്ങ് കോളജ് ഗ്രൗണ്ടും പരിസരവും നൂറു കണിക്കിന് കുടുംബശ്രീപ്രവർത്തകർ ശുചീകരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡോ. എം. സുർജിത്ത് പറഞ്ഞു.