കണ്ണൂർ: മട്ടന്നൂർ നഗരസഭയും കുടുംബശ്രീയും ചേർന്ന് ജനുവരി നാല് മുതൽ ഏഴ് വരെ മട്ടന്നൂരിൽ

`ഉയരെ'കുടുംബശ്രീ മേളസംഘടിപ്പിക്കും. ജനുവരി നാലിന് മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപം രാവിലെ പത്തിന് മന്ത്രി ഇ. പി ജയരാജൻ മേള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ജോബ് ഫെസ്റ്റും സംഘടിപ്പിക്കും. കിയാൽ എം ഡി വി. തുളസീദാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് രണ്ടിന് ഫുഡ് ഫെസ്റ്റ് കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ഡോ. സുർജിത്ത് ഉദ്ഘാടനം ചെയ്യും.വൈകുന്നേരം ഇശൽ സന്ധ്യ മൂസക്കാനൈറ്റ്മാപ്പിളഗാനമേളയും ഉണ്ടായിരിക്കും.

ജനുവരി അഞ്ചിന് വയോജന സംഗമം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വയോജനങ്ങൾക്ക് ചികിത്സ, കലാകായികമത്സരം, സ്‌കൂൾ യുവജനോത്സവ പ്രതിഭകളുടെ കലാവിരുന്ന് എന്നിവയുമുണ്ടാകും. ആറിന് കുടുംബശ്രീയുടെ 111 സംരഭങ്ങളുടെ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ നിർവഹിക്കും. ജില്ലാ കളക്ടർ ടി. വി. സുഭാഷ് വിശിഷ്ടാതിഥിയായിരിക്കും. തുടർന്ന് കളരിപ്പയറ്റ് പ്രദർശനം, കുടുംബശ്രീ കലമേള എന്നിവയുമുണ്ടാകും. ഏഴിന് നഗരസഭയിലെ പി എം എ വൈ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച 290 കുടുംബങ്ങളുടെ സംഗമവും 20 വകുപ്പുകൾ പങ്കെടുത്തുള്ള അദാലത്തും നടക്കും. ടി വി രാജേഷ്‌ എം എൽ എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ വനിതകൾ നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ സ്‌നേഹവീടിന്റെ താക്കോൽ ദാനവും മൈലാഞ്ചിയിടൽ മത്സരവും നൃത്ത സംഗീതസായാഹ്നവും സംഘടിപ്പിക്കും.സമാപനസമ്മേളനം ഉദ്ഘാടനം സണ്ണിജോസഫ് എം എൽ എ നിർവഹിക്കും.വാർത്താസമ്മേളനത്തിൽ കെ. പി. രമേശ് ബാബു, വി പി ഇസ്മയിൽ , പി രേഖ എന്നിവർ പങ്കെടുത്തു.