കണ്ണൂർ: 'അനുരാഗ ഗാനം പോലെ...' പാടി മലയാളത്തിന്റെ നെഞ്ചിൽ പ്രണയം നിറച്ച പാട്ടുകാരന്റെ പേരാണ്. പക്ഷേ, ചക്കരക്കല്ല് മുഴപ്പാലയിൽ ബാബുരാജ് 45 വയസ്സിനിടെ ഇന്നോളം മൂളിപ്പാട്ടു പോലും പാടിയിട്ടില്ല. പാട്ടുകളോട് പ്രണയവുമില്ല. എങ്കിലെന്ത്, പച്ചക്കറി വ്യാപാരിയായ എ.വി. ബാബുരാജിന്റെ വീടായ 'ലൗ ഷോറി'ൽ നോക്കുന്നിടത്തെല്ലാം വാദ്യോപകരണങ്ങളാണ്. നൂറു തരം ചെണ്ടകൾ മുതൽ ആഫ്രിക്കൻ വാദ്യമായ വാമ്പുക്ക വരെ ഇരുന്നൂറ്റമ്പതോളം സംഗീതോപകരണങ്ങൾ.
മിഴാവ് ,സന്തൂർ,ഡോലക്, മൃദഗം,മദ്ദളം, സിത്താർ, പിയാനോ, സാരംഗി, ജാസ്, തകിൽ ,തുടി, കൊമ്പ്, കുഴൽ... ഇങ്ങനെ നീളുന്നു ബാബുരാജിന്റെ വാദ്യശേഖരം. വാദ്യോപകരണങ്ങൾക്കായി ഇതുവരെ 25 ലക്ഷത്തോളം രൂപ ചെലവിട്ടു. സംഗീതോപകരണങ്ങൾ ശേഖരിക്കാൻ എത്ര ദൂരം, എവിടെയെല്ലാം യാത്ര ചെയ്യാനും എത്ര പണം മുടക്കാനും ബാബുരാജിന് മടിയില്ല. 30,000 രൂപ കൊടുത്താണ് മിഴാവ് സ്വന്തമാക്കിയത്. അടുത്തിടെ വാങ്ങിയ ഇലക്ട്രോണിക് ഗിറ്റാറിന് 60,000 രൂപയായി. സംഗീതോപകരണങ്ങളോടുള്ള കമ്പം മൂത്ത് ബാബുരാജ് ചെണ്ട നിർമ്മിക്കാനും പഠിച്ചു. അമ്പതോളം ചെണ്ടകളും ഇതിനോടകം നിർമ്മിച്ചു.
പാട്ടു കേൾക്കാത്ത, പാടാത്ത ബാബുരാജിന് വാദ്യങ്ങളോടുളള കമ്പം എങ്ങനെ വന്നു? ആ കഥ പഴയൊരു മധുരപ്രതികാരത്തിന്റേതാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വീടിനടുത്ത് വോളിബോൾ മത്സരം നടക്കുന്നു. വോളിബോൾ പ്രേമിയായ ബാബുരാജ് ആവേശം മൂത്ത് അയൽപക്കത്തുള്ള ചെണ്ടക്കാരനോട് കളിക്കിടെ കൊട്ടാൻ ചെണ്ട ചോദിച്ചു.'നീ വല്ല പാട്ടയും കൊട്ടി നടക്കെടാ...' എന്നായി ആക്ഷേപം.
അന്നു മനസിൽ കയറിയ മോഹമാണ് ബാബുരാജിനെ വാദ്യങ്ങളുടെ തോഴനാക്കിയത്. ബാബുരാജിന്റെ ശേഖരം കാണാൻ പല സ്ഥലത്തു നിന്നും സംഗീതപ്രേമികൾ വരുന്നുണ്ട്. കൂട്ടുകാരുടെ നിർബന്ധം കാരണം ഇടയ്ക്ക് വാദ്യോപകരണങ്ങളുടെ പ്രദർശനം നടത്തുന്നു. ഷഹിനയാണ് ബാബുരാജിന്റെ ഭാര്യ. വിദ്യാർത്ഥികളായ സ്നേഹതീർത്ഥ,സ്നേഹജ എന്നിവരാണ് മക്കൾ
വാമ്പുക്കയും കലിമ്പയും
പണ്ടു കാലത്ത് ഉപയോഗിച്ചിരുന്ന അപൂർവമായ ചില വാദ്യോപകരണങ്ങളും ബാബുരാജിന്റെ പക്കലുണ്ട്. ഇതിലൊന്നാണ് തന്ത്രി വാദ്യമായ കലിമ്പ. വിരൽ കൊണ്ട് മീട്ടുന്ന ഈ ഉപകരണം ഒരു സുഹൃത്തിന്റെ കൈയിൽ നിന്നാണ് ലഭിച്ചത്. ആഫ്രിക്കൻ നിർമ്മിതമായ വാമ്പുക്ക എന്ന തുകൽവാദ്യവും ശേഖരത്തിലുണ്ട്. പണ്ട് മലബാറിലെ മുസ്ളീം വീടുകളിൽ വിവാഹ ചടങ്ങിന് ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. വെള്ളം നിറച്ചും അല്ലാതെയും കൊട്ടാവുന്ന ഉപകരണമാണ്.
'സംഗീതത്തോട് ഒരു കമ്പവുമില്ല. പക്ഷെ ഇവയോടുള്ള ഭ്രമം എന്നെ ഇങ്ങനെയാക്കി. ഒരു ആഗ്രഹം ബാക്കിയാണ്. പുള്ളുവൻ കുടവും വീണയും സംഘടിപ്പിക്കണം.പാലക്കാട് ലക്കിടിയിലെ ഒരു സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്.ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ.
-ബാബുരാജ്