കാസർകോട്: ഫുട്‌ബാൾ ടൂർണ്ണമെന്റ് കഴിഞ്ഞ് ബൈക്കുകളിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി പേര് ചോദിച്ച് ആക്രമം. മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ബൈക്കുകൾ തകർത്തു. സംഭവത്തിൽ എട്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് പൊലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ട് കുഞ്ചത്തൂർ മാലിംഗേശ്വരത്താണ് സംഭവം. മഞ്ചേശ്വരം പാവൂരിലെ മുഹമ്മദ് കലന്തർ (21), ഉപ്പളയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥി അഹമ്മദ് ഇംതിയാസ് (17), അഹമദ് ഇർഫാൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ചത്തൂരിൽ നടന്ന ഫുട്‌ബാൾ ടൂർണ്ണമെന്റിൽ ഇവരുടെ ടീം രണ്ടാംസ്ഥാനം നേടിയിരുന്നു. ട്രോഫിയുമായി ആഹ്ലാദം പ്രകടിപ്പിച്ചുവരുന്നതിനിടെ നാലു ബൈക്കുകളിലെത്തിയ പത്തോളം ആളുകളടങ്ങുന്ന സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ബൈക്കുകൾ തടഞ്ഞുനിർത്തുകയും പേര് ചോദിച്ച ശേഷം സൈക്കിൾ ചെയിൻ, ഇരുമ്പു വടി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും പരിക്കേറ്റവർ പറഞ്ഞു. ബൈക്കുകൾ മറിച്ചിട്ട് തകർത്തതായും പരാതിയിൽ പറയുന്നു.