high-speed-train

കാസർകോട്: സംസ്ഥാനത്തെ അതിവേഗ റെയിൽ പാതയുടെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കാനുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലിഡാർ (ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിംഗ്) സർവേയ്‌ക്ക് ഇന്നലെ രാവിലെ കാസർകോട്ട് തുടക്കമായി. നാലുപേർക്ക് യാത്ര ചെയ്യാവുന്ന പാർടെനാവിയ പി 68 എന്ന ചെറു വിമാനം ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. വിമാനം ജനുവരി 6 വരെ കണ്ണൂർ വിമാനത്താവളത്തിൽ പാർക്ക് ചെയ്യാനും ഇന്ധനം നിറയ്ക്കാനും അനുമതി തേടിയിട്ടുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനത്തിനാണ് സർവേ ചുമതല. കാലാവസ്ഥ അനുകൂലമെങ്കിൽ ആറു ദിവസത്തിനകം സർവേ പൂർത്തിയാക്കാൻ കഴിയുമെന്ന് കേരള റെയിൽവേ ഡെവലപ്‌മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കാസർകോട്ടു നിന്ന് 532 കിലോമീറ്റർ പിന്നിട്ട് നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സെമി ഹൈസ്പീഡ് റെയിൽ (സിൽവർ ലൈൻ) നിർമ്മിക്കുന്നത്. രണ്ടാഴ്ച മുമ്പ് പദ്ധതിക്ക് റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിരുന്നു. 66,405 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കേരള റെയിൽ വികസന കോർപറേഷനാണ് നടപ്പാക്കുന്നത്.

മരങ്ങളും മറ്റു തടസങ്ങളുമെല്ലാം മറികടന്ന് കൃത്യമായി അലൈൻമെന്റ് തയ്യാറാക്കാൻ ലേസർ ഉപയോഗിച്ചു നടത്തുന്ന ലിഡാർ സർവേ സഹായിക്കും. ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്നാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും രണ്ട് സ്റ്റോപ്പുകൾക്കിടയിൽ മൂന്ന് ഫീഡർ സ്റ്റേഷനുകൾ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം സ്റ്റേഷനുകൾ എവിടെയെല്ലാം വേണമെന്നതു തീരുമാനിക്കുന്നതിനുള്ള ട്രാഫിക് സർവേ തെക്കൻ കേരളത്തിൽ പൂർത്തിയായിട്ടുണ്ട്. 1.70 കോടി രൂപ ചെലവഴിച്ചാണ് സർവേ നടത്തുന്നത്.