പയ്യന്നൂർ: കണ്ടങ്കാളിവയൽ നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലാൻഡ് അക്വിസിഷൻ ഓഫീസ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നവമ്പർ ഒന്നുമുതൽ പയ്യന്നൂർ തെക്കെ ബസാറിലെ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം രണ്ട് മാസം പിന്നിട്ടു. പ്രമുഖരായ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും കലാ സാംസ്‌കാരിക പ്രവർത്തകരും വിവിധ സംഘടനകളും ഇതിനകം സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭാ മാർച്ച്, കർഷക ജാഥ, ജില്ലാ പദയാത്ര, കണ്ടങ്കാളി വയലിൽ ധാന്യക്കൃഷി തുടങ്ങി വിവിധ സമരപരിപാടികൾ സത്യഗ്രഹ സമരത്തോടനുബന്ധമായി നടന്നു.
എന്നാൽ ജനകീയ സമരത്തെ ഗൗനിക്കാത്ത നിലപാടാണ് ഭരണാധികാരികൾ സ്വീകരിക്കുന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തി.
ബി.പി.സി.എൽ വിദേശ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് കണ്ടങ്കാളി പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. പയ്യന്നൂരിനെ പ്രളയത്തിൽ നിന്നും രക്ഷിക്കുന്ന കണ്ടങ്കാളിതണ്ണീർത്തടം വിദേശ കുത്തകകൾക്ക് വിട്ടുകൊടുക്കുന്ന നീക്കത്തിനെതിരെ പയ്യന്നൂർ നഗരസഭാ കൗൺസിലും ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്നത് ഖേദകരമാണ്.
ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി ചെയർമാൻ ടി.പി.പത്മനാഭന്റെ അദ്ധ്യക്ഷതയിൽ സമരപ്പന്തലിൽ ചേർന്ന യോഗം തീരുമാനിച്ചു. പയ്യന്നൂർ വില്ലേജിലെ വീടുകളിൽ സമര വളണ്ടിയർമാർ പ്രചരണം നടത്തും. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും കോർണർ യോഗങ്ങൾ സംഘടിപ്പിക്കും. നാളെ 5 മണിക്ക് ഗാന്ധി പാർക്ക് പരിസരത്ത് ആദ്യ കോർണർ മീറ്റിംഗ് നടക്കും. സമരസമിതി യോഗത്തിൽ കൺവീനർ അപ്പുക്കുട്ടൻ കാരയിൽ, അത്തായിബാലൻ, മണി രാജ് വട്ടക്കൊവ്വൽ, പത്മിനി കണ്ടങ്കാളി, വിനോദ് കുമാർ രാമന്തളി, ലാലു തെക്കെ തലക്കൽ, എൻ.കെ.ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.
ക്ലൈമറ്റ് ആക്ടിവിസ്റ്റ് റിദ്ദിമ പാണ്ടെ
3ന് സമരത്തെ അഭിവാദ്യം ചെയ്യും
യു.എന്നിൽ ഗ്രെറ്റാതെൻബർഗിനൊപ്പം കാലാവസ്ഥാ സംരക്ഷണത്തിനു വേണ്ടി പരാതിപ്പെട്ട 16 കുട്ടികളിൽ ഒരാളായ ഇന്ത്യൻ വിദ്യാർത്ഥിനിയും ക്ലൈമറ്റ് ആക്ടിവിസ്റ്റുമായ 12 വയസ്സുകാരി റിദ്ദിമ പാണ്ഡെ ജനുവരി മൂന്നിന് വൈകുന്നേരം 5 മണിക്ക് കണ്ടങ്കാളി സമരത്തെ അഭിവാദ്യം ചെയ്യും. ഗാന്ധി പാർക്കിൽ നിന്ന് സത്യഗ്രഹപ്പന്തലിലേക്ക് കാലാവസ്ഥാ സംരക്ഷണ മാർച്ചും നടക്കും.
കണ്ടങ്കാളിസമരസമിതി ചെയർമാൻ ടി.പി.പത്മനാഭൻ മാസ്റ്റർ സംസാരിക്കുന്നു.
ബി.ജെ.പി ജില്ലാ കമ്മറ്റി കാസർകോട് സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു