കാഞ്ഞങ്ങാട്: മത്സ്യമാർക്കറ്റിലെ മലിനജലം വഴിയിലേക്ക് ഒഴുക്കിവിടുകയും വഴിയരികിൽ മത്സ്യക്കച്ചവടം നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയുമായി നഗരസഭ. ഇതിന്റെ ഭാഗമായി നഗരസഭ പരിശോധന കർശനമാക്കി.
ആരോഗ്യ, ഭക്ഷ്യ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വരും ദിവസങ്ങളിൽ മായം കലർന്ന മത്സ്യം വിൽപ്പനയുണ്ടോ എന്ന് പരിശോധിക്കാനും ചെയർമാൻ നിർദ്ദേശം നൽകി. വൃത്തിയും വെടിപ്പുമുള്ള മത്സ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് നഗരസഭ ചെയർമാൻ വി.വി രമേശൻ പറഞ്ഞു.
സംസ്ഥാനത്തെ തന്നെ വൃത്തിയുള്ള മത്സ്യ മാർക്കറ്റുകളിലൊന്നാണ് കാഞ്ഞങ്ങാട്ടേത്. മാർക്കറ്റിൽ കച്ചവടത്തിന് ഇരിപ്പിടവും വിൽപ്പനക്കാർക്ക് യൂണിഫോമും നൽകി. മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുകയും എയ്‌റോബിക് ബിൻ സ്ഥാപിച്ച് മാലിന്യാവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റുകയും ചെയ്തു വരുമ്പോഴാണ് നഗരസഭയുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ ചിലരെങ്കിലും പെരുമാറുന്നതെന്ന് ചെയർമാൻ പറഞ്ഞു.