കണ്ണൂർ: പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി വഴി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുൻഗണനാ കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകണമെന്നാവശ്യം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ദിശാ യോഗത്തിലാണ് ആവശ്യമുയർന്നത്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ദിശ ചെയർമാൻ കൂടിയായ കെ സുധാകരൻ എം പി പറഞ്ഞു. യോഗത്തിൽ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നിലപാടിനെയും എം പി വിമർശിച്ചു. കഴിഞ്ഞ ദിശാ യോഗത്തിനു ശേഷം പദ്ധതി പ്രവർത്തനങ്ങൾ ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. ജനങ്ങളും ജനപ്രതിനിധികളും ദിശയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നുണ്ട്. എന്ത് കൊണ്ടാണ് പ്രവർത്തനങ്ങളിൽ പുരോഗതിയില്ലാത്തതെന്ന് ഓരോ വകുപ്പും വിലയിരുത്തണമെന്നും എന്തെങ്കിലും തടസങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അറിയിക്കണമെന്നും എം പി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എഡിഎം ഇപി മേഴ്‌സി, പ്രൊജക്ട് ഡയറക്ടർ വി കെ ദിലീപ്, ജോയിന്റ് പ്രൊജക്ട് കോഓർഡിനേറ്റർ കെ എം രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.